| Sunday, 3rd May 2020, 9:57 am

ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം 90 ദിവസത്തേക്ക് കൂടി നീട്ടിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആര്‍.ബി.ഐ 90 ദിവസത്തേക്ക് കൂടി നീട്ടിയേക്കും. പൊതുമേഖലാ, സ്വകാര്യ ബാങ്ക് മേധാവികളുമായി കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിരുന്നു.

മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വിവിധ ബാങ്കുകള്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ മെയ് 31 വരെയാണ് മൊറട്ടോറിയം ബാധകമാകുക.

സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മാര്‍ച്ച് മുതല്‍ മേയ് വരെ മൂന്ന് മാസമാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മൂന്നുമാസം കൂടി ഇനിയും നീട്ടണമെന്നാണ് യോഗത്തില്‍ ആവശ്യമുയര്‍ന്നത്.

വായ്പകള്‍ ഒറ്റത്തവണ പുന:ക്രമീകരിക്കാന്‍ അനുവദിക്കണമെന്നും ബാങ്കുകള്‍ നിലപാടെടുത്തു. അതേസമയം മൊറട്ടോറിയം നീട്ടാന്‍ ആര്‍.ബി.ഐയ്ക്ക് എതിര്‍പ്പില്ലെങ്കിലും വായ്പകള്‍ പുന:ക്രമീകരിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ട്.

ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് ബാങ്ക് മേധാവികളുമായി റിസര്‍വ് ബാങ്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്തത്.

വായ്പ മൊറട്ടോറിയത്തിന്റെ നടത്തിപ്പ്, ബാങ്കിങ് മേഖലയുടെ സ്ഥിരത, പണലഭ്യത ഉറപ്പാക്കല്‍, പ്രവര്‍ത്തന മൂലധനം കണ്ടെത്തല്‍, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള സഹായം, ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്കും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും വായ്പ ലഭ്യമാക്കല്‍, വിദേശങ്ങളിലെ ശാഖകളുടെ പ്രവര്‍ത്തനം എന്നിവയായിരുന്നു യോഗത്തില്‍ ചര്‍ച്ചയായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more