| Friday, 7th November 2014, 2:58 pm

ചെക്കിടപാടുകള്‍ക്ക് എസ്.എം.എസ് അലേര്‍ട്ട് നിര്‍ബന്ധമാക്കി ആര്‍.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ചെക്ക് വഴിയുള്ള ഇടപാടുകളില്‍ നിക്ഷേപകനും പിന്‍വലിക്കുന്നയാള്‍ക്കും ബാങ്കുകള്‍ എസ്.എം.എസ് സന്ദേശമയക്കണമെന്ന് ആര്‍.ബി.ഐ. ചെക്കുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് എസ്.എം.എസ് അലേര്‍ട്ട് ആര്‍.ബി.ഐ നിര്‍ബന്ധമാക്കുന്നത്.

ചെക്കിടപാടുകളില്‍ എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ ഉപഭോക്താവുമായി ഫോണിലൂടെ ബന്ധപ്പെടണം. വലിയതുകയുടെ ഇടപാടുകളായാലും ഇങ്ങനെ ചെയ്യണമെന്ന് ആര്‍.ബി.ഐ നിര്‍ദേശിക്കുന്നു. നിലവില്‍ കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്കാണ് എസ്.എം.എസ് നിര്‍ബന്ധമാക്കിയിട്ടുള്ളത്.

ചെക്ക് സംബന്ധമായ തട്ടിപ്പുകള്‍ ദിനംതോറും വര്‍ധിക്കുകയാണെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം തട്ടിപ്പുകളില്‍ പലതും പണമിടപാട് നടക്കുന്ന സമയത്ത് കുറച്ചുശ്രദ്ധ നല്‍കിയാല്‍ പരിഹരിക്കാനാവുന്നതായിരുന്നെന്ന് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു നീക്കമെന്നും ആര്‍.ബി.ഐ പറയുന്നു.

ചെക്ക് ക്ലിയര്‍ ചെയ്യുകയെന്നത് വെറും യാന്ത്രികമായ പ്രവൃത്തിയായി കാണരുതെന്നും ആര്‍.ബി.ഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെക്കിനും അത് സമര്‍പ്പിക്കുന്ന വ്യക്തിയിലും പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ആര്‍.ബി.ഐ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ അള്‍ട്രാവയലറ്റ് ലാമ്പിലൂടെ സ്‌കാന്‍ ചെയ്യണമെന്നും ആര്‍.ബി.ഐ നിര്‍ദേശിച്ചിട്ടുണ്ട്. 5 ലക്ഷത്തിന് മുകളിലുള്ളതാണെങ്കില്‍ ഒന്നില്‍ക്കൂടുതല്‍ തവണ സൂക്ഷ്മപരിശോധന നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more