ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് താഴ്ത്തി റിസര്‍വ് ബാങ്ക്. 2019-20 സാമ്പത്തിക വര്‍ഷം രാജ്യം 6.1 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ തല്‍സ്ഥാനത്ത് അഞ്ച് ശതമാനമാണ് പുതിയ വളര്‍ച്ചാ നിരക്ക് കണക്കാക്കിയിട്ടുള്ളത്.
2019-20 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ വളര്‍ച്ചാ നിരക്കുകള്‍ അഞ്ച് ശതമാനത്തിന് താഴ്ന്നതോടെ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്നായിരുന്നു പ്രവചനം. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനമായിരുന്നു.
അതേസമയം, റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് തീരുമാനം. ഇത് 5.15 ശതമാനമായി തുടരും. ഇതിന് മുന്‍പ് റിപ്പോ നിരക്കുകള്‍ താഴ്ത്തിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജി.ഡി.പിയില്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ റിപ്പോ നിരക്കില്‍ ഇളവുവരുത്തുമെന്ന വിലയിരത്തലുകള്‍ക്കിടെയാണ് ആര്‍.ബി.ഐയുടെ തീരുമാനം.
ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള അവലോകനത്തിനു ശേഷമാണ് തീരുമാനം.
നാണ്യപ്പെരുപ്പം ഉയരാനുുള്ള സാധ്യത മുന്നില്‍ കണ്ടാണ് റിപ്പോ നിരക്കില്‍ ഇളവ് വരുത്താനുള്ള ശ്രമം റിസര്‍വ്ബാങ്ക് ഉപേക്ഷിച്ചതെന്നാണ് സൂചന.