[]മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിച്ചു. റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ കാല്‍ ശതമാനം വീതമാണ് കൂട്ടിയാണ് ഇത്തവണത്തെ വായ്പാ നയം പ്രഖ്യാപിച്ചത്.
പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തന്റെ ആദ്യ പണവായ്പാ നയ അവലോകനമാണ് ഇന്ന് അവതരിപ്പിച്ചത്.
റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ കാല്‍ ശതമാനം വീതമാണ് കൂട്ടിയതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍ കൂടും.
പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് വായ്പാ നയത്തില്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് നിക്ഷേപകരും വ്യാവസായിക മേഖലയും പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്ന സാഹചര്യത്തിലാണ് ആര്‍.ബി.ഐ പലിശ നിരക്കുകള്‍ ഉയര്‍ത്തിയത്.
സാമ്പത്തിക വളര്‍ച്ച കുറയുന്നതിനാല്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നായിരുന്നു പൊതുവേ വിലയിരുത്തിയിരുന്നത്.
എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു ആര്‍.ബി.ഐ.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നില്‍കുന്ന വായ്പയുടെ പലിശയായ റിപോ നിരക്ക് 7.50 ശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപോ 6.50 ശതമാനമായുമാണ് കൂട്ടിയത്. കരുതല്‍ ധനാനുപാതത്തിലും നാലു ശതമാനത്തില്‍ തുടരും.
ആര്‍.ബി.ഐ നയത്തിന്റെ ചുവടുപിടിച്ച് ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്നതിനാല്‍ ബാങ്കിങ്, റിയല്‍ എസ്‌റ്റേറ്റ് മേഖലകള്‍ക്കാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്.
റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതോടെ ഓഹരി വിപണി കൂപ്പുകുത്തി. റിസര്‍വ് ബാങ്ക് പലിശ നിരക്കു വര്‍ധന പ്രഖ്യാപിച്ചതോടെ സെന്‍സെക്‌സ് 500ലേറെ പോയന്റ് ഇടിഞ്ഞ് 20087.44ലെത്തി. നിഫ്റ്റി 178 പോയന്റിന്റെ നഷ്ടവുമായി 5,936.90ലേക്ക് പതിച്ചു.