മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണ പണയ വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതുപ്രകാരം സ്വര്‍ണ കട്ടികള്‍, നാണയങ്ങള്‍ എന്നിവ പണയമായി സ്വീകരിച്ച് വായ്പ നല്‍കരുതെന്ന് സ്വര്‍ണ ബിസിനസ് നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരിക്കുകയാണ്. സ്വര്‍ണ ബിസിനസ് നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളെ (എന്‍.ബി.എഫ്.സി) നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളാണിവ.
എന്‍.ബി.എഫ്.സികള്‍ സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 60 ശതമാനത്തിലധികം തുക വായ്പ നല്‍കരുതെന്നും റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നു. നിലവില്‍ പല ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ വിലയുടെ 70 ശതമാനത്തിലധികം വായ്പ നല്‍കുന്നുണ്ട്. കൂടുതല്‍ തുക വായ്പ നല്‍കുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു.
എന്‍.ബി.എഫ്.സികള്‍ വേഗത്തില്‍ സ്വര്‍ണ പണയ ബിസിനസ് വിപുലൂകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സ്വര്‍ണ പണയ വായ്പാ രംഗത്തുള്ള ധനകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിസിനസ് അസാധാരണമായ നിലയില്‍ വര്‍ധിപ്പിച്ചുവെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു.
കേരളത്തിലെ പ്രമുഖ എന്‍.ബി.എഫ്. സി സ്ഥാപനങ്ങളായ മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, കൊശമറ്റം ഫിനാന്‍സ് എന്നിവയ്ക്ക് റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ തിരിച്ചടിയാകും. റിസര്‍വ് ബാങ്കന്റെ നിര്‍ദേശം വന്നപ്പോഴേക്കും ഓഹരി വിപണിയില്‍ മണപ്പുറം ഫൈനാന്‍സിനും മുത്തൂറ്റ് ഫൈനാന്‍സിനും നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്.