| Monday, 10th December 2018, 5:34 pm

ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു. കേന്ദ്രസര്‍ക്കാറും ആര്‍.ബി.ഐയും തമ്മില്‍ അഭിപ്രായ  വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഊര്‍ജിത് പട്ടേലിന്റെ രാജി. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി എന്നാണ് അദ്ദേഹത്തിന്റെ രാജിക്കത്തില്‍ പറയുന്നത്.

രെരഞ്ഞെടുപ്പിന് മുമ്പായി ഗവര്‍ണറുടെ രാജി ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഊര്‍ജിത്ത് പട്ടേലിന്റെ രാജി തടയാനായില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അതേസമയം ഗവര്‍ണര്‍ സ്ഥാനം ഊര്‍ജിത് പട്ടേല്‍ രാജി വെച്ചാല്‍ ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും വിശ്വസ്ഥരായ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഊര്‍ജിത് ആര്‍.പട്ടേലിനെ 2016 സെപ്റ്റംബര്‍ നാലിനാണ് രഘുറാം രാജന്‍ വിരമിച്ച ഒഴിവിലേക്ക് പുതിയ ഗവര്‍ണറായി നിയമിച്ചത്. റിസര്‍വ് ബാങ്കിന്റെ 24ാം ഗവര്‍ണറായിരുന്നു ഊര്‍ജിത് പട്ടേല്‍.

റിസര്‍വ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായ 52കാരനായ പട്ടേല്‍ മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ഒടുവിലാണ് കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതി ഇദ്ദേഹത്തെ ഗവര്‍ണറാക്കാന്‍  തീരുമാനിച്ചത്.

2013 മുതല്‍ റിസര്‍വ് ബാങ്കിന്റെ ധനനയ വിഭാഗത്തിന്റെ ചുമതലയുമായി ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്ത് രണ്ടാമൂഴത്തിലായിരുന്നു ഊര്‍ജിത് പട്ടേല്‍. നാണയപ്പെരുപ്പം കണക്കാക്കുന്നതിന്റെ അടിസ്ഥാന ഘടകം മൊത്തവ്യാപാര വില സൂചികയില്‍നിന്ന് ഉപഭോക്തൃ വിലസൂചികയാക്കിയ നിര്‍ണായക മാറ്റം ഊര്‍ജിത് പട്ടേല്‍ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു. രഘുറാം രാജന്റെ അടുത്ത സഹായിയെന്ന നിലയിലാണ് പട്ടേല്‍ അറിയപ്പെട്ടത്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് ബി.എയും ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം.ഫിലും യേല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് പിഎച്ച്.ഡിയും നേടിയ സാമ്പത്തിക വിദഗ്ധനാണ് ഗുജറാത്ത് സ്വദേശിയായ ഊര്‍ജിത് പട്ടേല്‍.

റിസര്‍വ് ബാങ്കിലത്തെുന്നതിനു മുമ്പ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പില്‍ ഊര്‍ജ-അടിസ്ഥാന സൗകര്യ വിഭാഗം ഉപദേശകനായിരുന്നു. 1990 മുതല്‍ അഞ്ചു വര്‍ഷം രാജ്യാന്തര നാണയനിധിയായ ഐ.എം.എഫില്‍ പ്രവര്‍ത്തിച്ചു.

തുടര്‍ന്ന് ഐ.എം.എഫ് ഡെപ്യൂട്ടേഷനില്‍ റിസര്‍വ് ബാങ്കിലത്തെി. പെന്‍ഷന്‍, ബാങ്കിങ് മേഖലാ പരിഷ്‌കരണം, വായ്പാ വിപണി തുടങ്ങിയ വിഷയങ്ങളില്‍ ഉപദേശം നല്‍കുകയായിരുന്നു ചുമതല. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രാലയത്തില്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷനില്‍ ബോര്‍ഡ് അംഗമായിരുന്നു.

We use cookies to give you the best possible experience. Learn more