ഗാന്ധിനഗര്‍: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകരെ കണ്ട് “ജീവനും കൊണ്ടോടി” റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കിടെയായിരുന്നു ഊര്‍ജിത് പട്ടേലിന്റെ ഈ “ഒളിച്ചോട്ടം”.
മഹാത്മാ മന്ദിറിലെ സെമിനാര്‍ ഹാളിലായിരുന്നു പരിപാടി നടന്നത്. സെമിനാറില്‍ “മാക്രോ ആന്റ് മൈക്രോ ഡ്രൈവേഴ്‌സ് ഓഫ് ബിസിനസ് പൊട്ടന്‍ഷ്യല്‍ ഓഫ് ഐ.എഫ്.എസ്.സീസ് ഇന്‍ ഇന്ത്യ” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചശേഷമായിരുന്നു ഊര്‍ജിത് പട്ടേലിന്റെ നാടകീയമായ ഓട്ടം.
മാധ്യമപ്രവര്‍ത്തകരുടെ വലിയൊരു പട തന്നെ വേദിക്കു പുറത്ത് തന്നെ കാത്തിരിപ്പുണ്ടെന്ന വിവരം ലഭിച്ചതോടെ ടെന്‍ഷനിലായ ഊര്‍ജിത് പട്ടേല്‍ സെമിനാര്‍ ഹാളിന്റെ പിന്‍വാതിലൂടെ രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. പതുക്കെ പിന്‍വാതിലിനടുത്തേക്ക് നീങ്ങിയ ഊര്‍ജിത് പട്ടേലിനെ ശ്രദ്ധയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരും വിട്ടില്ല.
മാധ്യമപ്രവര്‍ത്തകര്‍ പിന്നിലുണ്ടെന്ന് കണ്ടതോടെ ഊര്‍ജിത് പട്ടേല്‍ നടത്തം മതിയാക്കി ഓട്ടമായി. മാധ്യമപ്രവര്‍ത്തകരും പിറകേയോടി. മാധ്യമപ്രവര്‍ത്തകര്‍ തൊട്ടുപിന്നിലുണ്ടെന്നു മനസിലാക്കിയ ഊര്‍ജിത് പട്ടേല്‍ അവസാന പടികള്‍ ചാടി ഇറങ്ങി ഉടന്‍ കാറിലേക്കു കയറുകയാണുണ്ടായതെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.
നേരത്തെ നോട്ടുനിരോധനം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കല്‍ക്കത്തയില്‍ നടന്ന ആര്‍.ബി.ഐ ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷവും ഊര്‍ജിത് പട്ടേല്‍ ഇത്തരത്തില്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ നിന്നും ഒളിച്ചോടിയിരുന്നു. യോഗശേഷം നടത്താറുള്ള പതിവ് വാര്‍ത്താസമ്മേളനം ഉപേക്ഷിച്ച ഊര്‍ജിത് പട്ടേല്‍ ആര്‍.ബി.ഐ ഓഫീസിന്റെ പിന്‍വാതിലൂടെ പുറത്തുകടക്കുകയും ഗേറ്റിന് സമീപം നിര്‍ത്തിയ കാറില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു.