ന്യൂദല്‍ഹി: നീരവ് മോദി ഉള്‍പ്പെട്ട പണമിടപാടു കേസടക്കമുള്ള വിഷയങ്ങളില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ പാര്‍ലമെന്ററി പാനല്‍ ചോദ്യം ചെയ്തു. വീരപ്പ മൊയ്‌ലിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തികകാര്യ സ്റ്റാന്റിങ് കമ്മറ്റിക്കു മുമ്പാകെ ഹാജരായ പട്ടേലിനോട് പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക ക്രമക്കേട്, ബാങ്കുകളില്‍ ഏറിവരുന്ന കിട്ടാക്കടം, നോട്ടുനിരോധനത്തിനു ശേഷം തിരിച്ചുവന്ന പണത്തിന്റെ കണക്ക് എന്നീ വിഷയങ്ങളിലാണ് വിശദീകരണം തേടിയത്.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കം വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നുള്ളവരടങ്ങിയ പാനലാണ് ഗവര്‍ണറുടെ വാദം കേട്ടത്. “നോട്ടുനിരോധനം കഴിഞ്ഞ് നാളിത്രയായിട്ടും തിരിച്ചെത്തിയ പണത്തിന്റെ കണക്കുകള്‍ റിസര്‍വ് ബാങ്ക് കൃത്യമായി പുറത്തുവിട്ടിട്ടില്ല. പാനലിനു മുന്നില്‍ ഗവര്‍ണര്‍ ഈ കണക്കുകള്‍ വെളിപ്പെടുത്തണം.” ചോദ്യം ചെയ്യലിനു മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസ്സ് എം.പിയും കമ്മറ്റിയംഗവുമായ ദിനേഷ് ത്രിവേദി പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട 13,000 കോടി രൂപയുടെ ക്രമക്കേടിനെക്കുറിച്ചും പട്ടേല്‍ ചോദ്യങ്ങള്‍ നേരിട്ടു. വ്യവസായി നീരവ് മോദി ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ വിഷയത്തില്‍ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്ര വലിയ അഴിമതി എങ്ങിനെ ശ്രദ്ധയില്‍പ്പെടാതെ പോയെന്ന് കമ്മറ്റി ആരാഞ്ഞു. റിസര്‍വ് ബാങ്കിന്റെ നിരീക്ഷണസംവിധാനത്തിലുണ്ടായ വീഴ്ചയാണിതെന്ന അഭിപ്രായം കമ്മറ്റിയിലെ അംഗങ്ങള്‍ നേരത്തെ മുന്നോട്ടു വച്ചിരുന്നു.
ബാങ്കുകളില്‍ കൂടിവരുന്ന നിഷ്‌ക്രിയാസ്തിയെക്കുറിച്ചുള്ള ചോദ്യങ്ങളും പാനല്‍ ഉയര്‍ത്തി. കിട്ടാക്കടങ്ങള്‍ ബാങ്കിങ് മേഖലയില്‍ ഉണ്ടാക്കുന്ന ആഘാതത്തെ തരണം ചെയ്യാനുള്ള നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുള്ളതായി പട്ടേല്‍ കമ്മറ്റിയെ അറിയിച്ചു.
സമാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ മേയ് 17നും പട്ടേലിനെ സ്റ്റാന്റിങ് കമ്മറ്റിക്കു മുന്‍പാകെ വിളിച്ചു വരുത്തിയിരുന്നു. ലോണ്‍ പുനഃസംഘടനാ പദ്ധതികള്‍, ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി കോഡിലെ പാകപ്പിഴകള്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ പട്ടേലിനെ അന്നും ചോദ്യം ചെയ്തിരുന്നു.