ന്യൂദല്‍ഹി: വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍.എസ് വിശ്വനാഥന്‍ രാജിവെച്ചു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് രാജി എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. രാജിവെച്ച ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അടുപ്പക്കാരനായിരുന്നു എന്‍.എസ് വിശ്വനാഥന്‍.
29 വര്‍ഷത്തെ സേവനത്തിനൊടുവില്‍ എന്‍.എസ് വിശ്വനാഥന്‍ മാര്‍ച്ച് 31ന് പടിയിറങ്ങും. കേന്ദ്രത്തിന്റെ പുതിയ ബാങ്കിങ് നിയന്ത്രണങ്ങളിലും മറ്റും പരിശോധനകള്‍ നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂണില്‍ വിശ്വനാഥന്റെ പ്രവര്‍ത്തന കാലാവധി നീട്ടിയിരുന്നു.
ജോലി സ്ഥലത്തെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്വനാഥനോട് വിശ്രമം ആവശ്യപ്പെട്ടിരുന്നെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
എച്ച്.ആര്‍ ഖാനിന് ശേഷമായിരുന്നു വിശ്വനാഥന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്. അതിന് മുമ്പ് ആര്‍.ബി.ഐ ബാങ്കിങ് ഇതര സേവനങ്ങളുടെ പ്രിന്‍സിപല്‍ ജനറല്‍ മാനേജരായിരുന്നു അദ്ദേഹം.
15 മാസത്തിനിടെ ആര്‍.ബി.ഐയുടെ ഉന്നത സ്ഥാനങ്ങളില്‍നിന്നും രാജി വെക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് വിശ്വനാഥന്‍. ഉര്‍ജിത് പട്ടേലിന്റെ രാജിക്ക് പിന്നാലെ അടുത്ത ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തേക്ക് വിശ്വനാഥനാവും പരിഗണിക്കപ്പെടുക എന്ന അഭ്യൂഹവുമുയര്‍ന്നിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ