Advertisement
national news
'റിസര്‍വ് ബാങ്ക് ഭരണ സമിതി രാഹുല്‍ ദ്രാവിഡിനെപോലെ കളിക്കണം, അല്ലാതെ നവജ്യോത് സിദ്ധുവിനെപോലെ അല്ല': രഘുറാം രാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 06, 12:10 pm
Tuesday, 6th November 2018, 5:40 pm

ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഭരണ സമിതിയെ ക്രിക്കറ്റ് കളിക്കാരുമായി താരതമ്യപ്പെടുത്തി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. നവജ്യോത് സിദ്ധുവിന്റേതല്ല, രാഹുല്‍ ദ്രാവിഡിന്റെ കളി രീതിയാണ് റിസര്‍വ് ബാങ്ക് സ്വീകരിക്കേണ്ടതെന്ന് രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.

ആര്‍.ബി.ഐ ബോര്‍ഡിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതിയില്‍ ആശങ്ക പ്രകടിപ്പിച്ച രഘുറാം രാജന്‍ രാഹുല്‍ ദ്രാവിഡിനെപ്പോലെ കാര്യബോധത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന രീതിയില്‍ ബോര്‍ഡ് മാറണമെന്ന് അഭിപ്രായപ്പെട്ടു. നവജ്യോത് സിദ്ധുവിനെപ്പോലെ ആക്രമണ ശൈലി സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.


സ്വയംഭരണത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരുമായി റിസര്‍വ് ബാങ്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് രഘുറാം രാജന്റെ പ്രതികരണം. സര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എങ്കില്‍ മാത്രമേ രാജ്യ താത്പര്യമനുസരിച്ച് തീരുമാനങ്ങളെടുക്കാന്‍ കഴിയുകയുള്ളൂ എന്നും രഘുറാം രാജന്‍ പറഞ്ഞു.

അതേസമയം, റിസര്‍വ് ബാങ്കിന്റെ സര്‍പ്ലസ് ഫണ്ടില്‍നിന്ന് 3.6ലക്ഷം കോടി രൂപ ആവശ്യപ്പെട്ടുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ ആവശ്യം ആര്‍.ബി.ഐ നിരസിച്ചു. സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന നിഗമനത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ആവശ്യം ആര്‍.ബി.ഐ തള്ളിയത്.

ആര്‍.ബി.ഐയുടെ ആകെ സര്‍പ്ലസ് ഫണ്ട് 9.59 ലക്ഷം കോടിരൂപയാണ്. ഈ തുകയില്‍നിന്നാണ് 3.6 ലക്ഷം കോടി ധനമന്ത്രാലയം ആവശ്യപ്പെട്ടത്. മൂലധനം നല്‍കി പൊതുമേഖലാ ബാങ്കുകളെ സഹായിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ തുക ആവശ്യപ്പെട്ടിരിക്കുന്നത്.


also read:  സല്‍മാന്‍ ഖാന്‍ എത്തി: ക്യാന്‍സര്‍ ബാധിതനായ ആരാധകനെ ചിരിപ്പിക്കാന്‍


സര്‍ക്കാരും കേന്ദ്രബാങ്കും തമ്മില്‍ സര്‍പ്ലസ് ഫണ്ട് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട എസ്.എസ്.ഡി.പി (സ്റ്റാഗേഡ് സര്‍പ്ലസ് ഡിസ്ട്രിബ്യൂഷന്‍ പോളിസി) 2017 ജൂലൈയിലാണ് ആര്‍.ബി.ഐ സ്വീകരിച്ചത്. ഇത് പ്രകാരമാണ് സര്‍പ്ലസ് ഫണ്ട് ആര്‍.ബി.ഐ സര്‍ക്കാരിന് നല്‍കുന്നത്. 2017-18ല്‍ അമ്പതിനായിരം കോടിരൂപയാണ് സര്‍പ്ലസ് ഫണ്ടായി ആര്‍.ബി.ഐ സര്‍ക്കാരിന് കൈമാറിയത്. 2016-17ല്‍ 30659 കോടിരൂപയും കൈമാറി.