മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് വിലക്ക്; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാനാവില്ല
national news
മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് വിലക്ക്; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാനാവില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th July 2021, 8:39 pm

ന്യൂദല്‍ഹി: രാജ്യത്ത് പുതിയ മാസ്റ്റര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനെ നിയന്ത്രിച്ച് റിസര്‍വ് ബാങ്ക്. മാസ്റ്റര്‍ കാര്‍ഡ് ഏഷ്യാ പസഫിക് പ്രൈവറ്റ് ലിമിറ്റഡിന് ഇത് സംബന്ധിച്ച് ആര്‍.ബി.ഐ. നിര്‍ദ്ദേശം നല്‍കി.

രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ജൂലൈ 22 മുതല്‍ പുതിയ മാസ്റ്റര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. പേയ്‌മെന്റ് ഡാറ്റ സംരക്ഷിക്കുന്നതില്‍ വീഴ്ച കണ്ടതിനെ തുടര്‍ന്നാണ് നടപടി.

നിലവില്‍ ഉപയോഗിക്കുന്ന മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് നിയന്ത്രണം ബാധകമാവില്ല. പുതിയ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ മാസ്റ്റര്‍ കാര്‍ഡുകളായി നല്‍കരുതെന്നാണ് നിര്‍ദ്ദേശം.

മതിയായ സമയം അനുവദിച്ചിട്ടും പേയ്മെന്റ് സിസ്റ്റം ഡാറ്റ സംഭരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മാസ്റ്റര്‍ കാര്‍ഡിന് കഴിഞ്ഞില്ലെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. നിലവിലെ മാസ്റ്റര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സേവനങ്ങളില്‍ തടസ്സം നേരിടില്ല.

പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്നാണ് വിലക്ക്. ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് റെഗുലേറ്റര്‍ നടപടിയെടുത്ത മൂന്നാമത്തെ ആഗോള കാര്‍ഡ് കമ്പനിയാണിത്.

അമേരിക്കന്‍ എക്സ്പ്രസ്, ഡൈനേഴ്സ് ക്ലബ് എന്നിവര്‍ക്ക് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്ന് ഏപ്രിലില്‍ തന്നെ റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: RBI bars Mastercard from on-boarding new domestic customers over failure to comply