| Friday, 27th March 2020, 10:52 am

എല്ലാ വായ്പകള്‍ക്കും മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ; പലിശ നിരക്ക് കുറച്ചു; രാജ്യം മാന്ദ്യത്തിലേക്ക്, കടുത്ത നടപടികള്‍ അനിവാര്യമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പലിശ നിരക്ക് കുത്തനെ കുറച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കും റിവേഴ്‌സ് റിപ്പോ നിരക്കും കുറച്ചു. 5.15 ല്‍ നിന്ന് 4.4 ആയാണ് റിപ്പോ നിരക്ക് കുറിച്ചത്. റിപ്പോ നിരക്കില്‍ 0.75 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

റിവേഴ്‌സ് റിപ്പോ നിരക്ക് 4.5 ശതമാനത്തില്‍ നിന്നും 4 ശതമാനമായി കുറച്ചു. 0.90 ശതമാനമായാണ് റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചത്. ഭവന, വാഹന വായ്പ്പാ നിരക്കുകള്‍ കുറയുമെന്നും നാണ്യപ്പെരുപ്പം സുരക്ഷ നിലയിലാണെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ബാങ്കുകള്‍ക്ക് പണമെത്തിക്കാന്‍ വിപുലമായ പദ്ധതിയാണ് ആര്‍.ബി.ഐ പ്രഖ്യാപിച്ചത്. കടപ്പത്രങ്ങളും ഡിബഞ്ചറുകളും വാങ്ങാന്‍ ഒരു ലക്ഷം കോടി രൂപ അനുവദിക്കും. ഇതിനൊപ്പം കരുതല്‍ ധനാനുപാതം അനുപാതം 3 ശതമാനമായി വെട്ടിക്കുറച്ചു. ബാങ്കുകള്‍ നിര്‍ബന്ധമായും ആര്‍.ബി.ഐയില്‍ സൂക്ഷിക്കേണ്ട പണമാണ് വെട്ടിക്കുറച്ചത്. കരുതല്‍ ധനാനുപാതം കുറച്ചതിലൂടെ 3.75 ലക്ഷം കോടി രൂപ വിപണിയില്‍ ഇരങ്ങും.

ഇതിനൊപ്പം രാജ്യത്തെ മുഴുവന്‍ ബാങ്ക് വായ്പകള്‍ക്കും തിരിച്ചടവിന് മൂന്ന് മാസത്തെ സാവകാശം നല്‍കും. ഭവന വാഹന വായ്പകള്‍ക്കും ഇത് ബാധകമാക്കും. ഈ കാലയളവില്‍ ജപ്തി നടപടിയോ പിഴ പലിശയോ ഉണ്ടാവില്ലെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.

കൊവിഡ് സൃഷ്ടിച്ചത് മുന്‍പുണ്ടാകാത്ത പ്രതിസന്ധിയാണെന്നും ജി.ഡി.പി.യെ ഇത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും പണം വിപണയില്‍ വ്യാപകമായി ഇറങ്ങാതെ തിരിച്ചുവരവ് അസാധ്യമാണെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ആഗോള സാമ്പത്തിക മേഖല പൂര്‍ണ മരവിപ്പിലാണെന്നും കൊവിഡ് ആഘാതത്തില്‍ നിന്ന് തിരിച്ചുവരാന്‍ സമയമെടുക്കുമെന്നും എത്ര സമയമെടുക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു. തകര്‍ച്ച മറികടക്കാന്‍ അസാധാരണ ഇടപെടല്‍ വേണ്ടി വരും. ആഗോള സാമ്പത്തിക വളര്‍ച്ച മുരടിക്കുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്.

ലോകത്തെ വലിയൊരു മേഖല മാന്ദ്യത്തിലേക്ക് പോകുകയാണ്. കാര്‍ഷിക മേഖല ഒഴികെ മറ്റെല്ലാ മേഖലയും മാന്ദ്യത്തിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more