| Wednesday, 29th June 2022, 1:37 pm

ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കണമെന്നാണ് മോദിയുടെ ലക്ഷ്യം, അത് നേടിയെടുക്കേണ്ടത് എങ്ങനെയാണെന്ന് അദ്ദേഹത്തിന് നന്നായറിയാം: ആര്‍. ബി. ശ്രീകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്നതാണ് മോദിയുടെ ലക്ഷ്യമെന്ന് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍. ബി. ശ്രീകുമാര്‍. ലക്ഷ്യമെന്താണെന്നും അത് എങ്ങനെയാണ് നേടിയെടുക്കേണ്ടതെന്നും അദ്ദേഹത്തിന് വ്യക്തമായി അറിയാമെന്നും ആര്‍. ബി. ശ്രീകുമാര്‍ പറഞ്ഞു. അറസ്റ്റിലാകുന്നതിന് മുന്‍പ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

‘അദ്ദേഹം അസാമാന്യനായ ഒരു നേതാവാണ്. തന്റെ ലക്ഷ്യമെന്താണെന്നും അത് എങ്ങനെയാണ് നേടിയെടുക്കേണ്ടതെന്നും കൃത്യമായി അറിയുന്ന നേതാവ്.

തന്റെ ദൗത്യത്തെക്കുറിച്ച് അദ്ദേഹത്തിന് ഒരു തരത്തിലുള്ള അവ്യക്തതകളുമില്ല. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം എന്നതാണ് മോദിയുടെ ലക്ഷ്യം.

ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ നേതാക്കളെയും ത്രാസിന്റെ ഒരു തട്ടിലും മറ്റെ തട്ടില്‍ മോദിയുടെ ചെരിപ്പും വെച്ചാല്‍ മോദിയുടെ ചെരിപ്പിരിക്കുന്ന തട്ട് താഴ്ന്ന് നില്‍ക്കും,’ ആര്‍. ബി. ശ്രീകുമാര്‍ പറഞ്ഞു.

ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ആര്‍.ബി. ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മാധ്യമപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെയും, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും സമാന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്ത് വംശഹത്യകേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ ഏജന്‍സിയാണ് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. കലാപം നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി.

നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെ ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് സുപ്രീം കോടതി തള്ളുകയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യയാണ് ഹരജി നല്‍കിയ സാക്കിയ ജാഫ്രി.

മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി 2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയത്.

Content Highlight: RB sreekumar says modi’s dream is to make india a hindu rashtra

Latest Stories

We use cookies to give you the best possible experience. Learn more