ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസ് വിധി; ശിക്ഷിച്ചത് കലാള്‍ പടയെ മാത്രമെന്ന് ആര്‍.ബി ശ്രീകുമാര്‍
Daily News
ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസ് വിധി; ശിക്ഷിച്ചത് കലാള്‍ പടയെ മാത്രമെന്ന് ആര്‍.ബി ശ്രീകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th June 2016, 12:08 pm

rb-sreekumar

അഹമ്മദാബാദ്: ഗുജറാത്ത് കൂട്ടക്കൊലക്കേസിലെ അഹമ്മദാബാദ് പ്രത്യേക കോടതിയുടെ വിധിയില്‍ പ്രതികരണവുമായി ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍. സംഭവത്തിലെ ആസൂത്രകര്‍, സംഘാടകര്‍, ഇതിന് ഒത്താശ ചെയ്തവര്‍, കാലാള്‍പട, ഇതില്‍ കാലാള്‍പടയെ മാത്രമാണ് ശിക്ഷിച്ചതെന്ന് ആര്‍.ബി. ശ്രീകുമാര്‍ പറഞ്ഞു.

സംഭവത്തിന്റെ ആസൂത്രണം, സംഘാടനം എന്നിവ തെളിയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് മുന്‍പ് എഹ്‌സാന്‍ ജഫ്രിയെ ജനക്കൂട്ടം ഭീഷണിപ്പെടുത്തിയിരുന്നു എന്നാല്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇവയൊന്നും ഉള്‍പ്പെട്ടിട്ടില്ലാത്തത് കേസില്‍ തിരിച്ചടിയായി. ഇനിയും ഇത്തരത്തില്‍ ജനക്കൂട്ടം അക്രമത്തിന് മുതിരുന്ന സാഹചര്യം വന്നാല്‍ ഈ സംഭവം ആവര്‍ത്തിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ കോണ്‍ഗ്രസ് എം.പി എഹ്‌സാന് ജഫ്രിയടക്കം 69 പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്ക് ജീവപര്യന്തവും 13 പേര്‍ക്ക് 7 വര്‍ഷം തടവുമാണ് കോടതി വിധിച്ചത്.

കൈലാസ് ഗോപി, യോഗേഷ് സിങ് ശെഖാവത്ത്, രാജു തിവാരി, ദിലീപ്, ജയേഷ്, ലക്ഷ്മണ്‍ സിങ്, ഭരത് രാജു സിങ്, ദിനേശ് ശര്‍മ്മ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്.

കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍, സാമുദായിത ഐക്യം തകര്‍ക്കല്‍, കലാപം ഉണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.