| Tuesday, 26th July 2022, 8:40 am

കലാപത്തില്‍ നിരപരാധികളായവരെ പ്രതിസ്ഥാനത്താക്കാന്‍ ആര്‍.ബി. ശ്രീകുമാര്‍ ശ്രമിച്ചു; ആരോപണങ്ങള്‍ ആവര്‍ത്തിച്ച് എസ്.ഐ.ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹ്മദാബാദ്: ഗുജറാത്ത് കലാപത്തില്‍ മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗുജറാത്ത് പൊലീസ്. ഗുജറാത്ത് കലാപത്തില്‍ നിരപരാധികളായവരെ പ്രതിസ്ഥാനത്താക്കാന്‍ ആര്‍.ബി. ശ്രീകുമാര്‍ ശ്രമിച്ചുവെന്നാണ് പൊലീസിന്റെ വാദം. അദ്ദേഹം അസംതൃപത്‌നായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ആവര്‍ത്തിച്ചു.

ശ്രീകുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജിക്കെതിരെ എസ്.ഐ.ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥ സംവിധാനങ്ങളേയും ദുരുദ്ദേശത്തോടെയാണ് ആര്‍.ബി. ശ്രീകുമാര്‍ നേരിട്ടതെന്നും അവരെ അപകീര്‍ത്തിപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചതെന്നുമായിരുന്നു എസ്.ഐ.ടി സത്യവാങ്മൂലത്തില്‍ ആരോപിച്ചത്.

ശ്രീകുമാറും സംഘവും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായെന്നും ടീസ്തയ്ക്കും സ്ഞ്ജീവ് ഭട്ടിനും വിഷയത്തില്‍ പങ്കാളികളാണെന്നും
ഗോധ്രയില്‍ ട്രെയിനിന് തീയിട്ട സംഭവമുണ്ടായ 2002 ഫെബ്രുവരി 27നുശേഷമുള്ള ദിനങ്ങളില്‍തന്നെ ശ്രീകുമാര്‍ ഗൂഢാലോചനയില്‍ പങ്കാളിയായി തുടങ്ങിയെന്നും എസ്.ഐ.ടി ആരോപിച്ചു. ഇതിന് രാഷ്ട്രീയലക്ഷ്യങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷയുടെ ഉപദേശകനും അന്ന് എം.പിയുമായിരുന്ന അഹ്മദ് പട്ടേലിന്റെ നിര്‍ദേശങ്ങള്‍ ഇവര്‍ക്ക് ലഭിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ശ്രീകുമാറിനെതിരെ സാക്ഷി മൊഴിയുണ്ടെന്നും സാക്ഷികളെ സമ്മര്‍ദ്ദത്തിലാക്കുന്നതിലും മൊഴി പഠിപ്പിക്കുന്നതിലും അദ്ദേഹം വിദഗ്ദനാണെന്നും എസ്.ഐ.ടി സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

2002ല്‍ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും വ്യാജ രേഖകള്‍ നിര്‍മിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2002ല്‍ നടന്ന കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് സുപ്രീം കോടതിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെയായിരുന്നു ഇരുവരുടേയും അറസ്റ്റ്.

മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ കോടതി നടപടിയ്ക്കെതിരെ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹരജി സുപ്രീം കോടതി ബെഞ്ച് തള്ളുകയായിരുന്നു.

മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി 2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയത്.

ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്ത നടപടിയ്ക്കെതിരെ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭയുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേതെന്നും മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്നുമായിരുന്നു ഐക്യരാഷ്ട്രസഭയുടെ പ്രതികരണം.

‘വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേത്. മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ല.

അവരെ വെറുതെവിടാനും ഇന്ത്യയിലെ ഭരണകൂടത്തിന്റെ വിചാരണ അവസാനിപ്പിക്കാനും ആവശ്യപ്പെടുന്നു,’ എന്നായിരുന്നു യു.എന്‍ മനുഷ്യാവകാശ കമ്മീഷന്റെ പ്രതികരണം. എന്നാല്‍
യു.എന്നിന്റെ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ യു.എന്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി.

Content Highlight: RB sreekumar a disgruntled officer repeats special investigation officer in Court

We use cookies to give you the best possible experience. Learn more