| Tuesday, 12th December 2023, 6:00 pm

ശ്രീലങ്കക്കെതിരെ തിരിച്ചുവരാനൊരുങ്ങി റാസയും സംഘവും

സ്പോര്‍ട്സ് ഡെസ്‌ക്

അയര്‍ലന്‍ഡുമായുള്ള പരമ്പരയില്‍ 2-1 തോല്‍വി വഴങ്ങിയ സിംബാബ്‌വെ 2024ല്‍ ശ്രീലങ്കക്കെതിരെയള്ള പരമ്പരക്ക് തയ്യാറെടുക്കുകയാണ്. ജനുവരി ആറ് മുതല്‍ 18 വരെയാണ് പരമ്പര നടക്കാനിരിക്കുന്നത്. സിക്കന്ദര്‍ റാസയുടെ നേതൃത്വത്തിലാണ് സിംബാബ്‌വെ ഇറങ്ങുന്നത്. മൂന്ന് ഏകദിനവും മൂന്ന് ടി ട്വന്റി മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്.

ജനുവരി ആറിന് ആര്‍.പി.ഐ.സി.എസ് കൊളംബോയില്‍ ഏകദിന മത്സരത്തോടെയാണ് പരമ്പര തുടങ്ങുന്നത്. തുടര്‍ന്ന് ജനുവരി 8, 11 തിയ്യതികളില്‍ മറ്റ് രണ്ട് ഏകദിനവും നടക്കും. അതേ സ്റ്റേഡിയത്തില്‍ ജനുവരി 14, 16, 17 തിയ്യതികളില്‍ ടി ട്വന്റിയും നടക്കും.

ജനുവരി മൂന്നിന് സിംബാബ്‌വെ ടീം ശ്രീലങ്കയില്‍ എത്തും. 2022ന് ശേഷം ആദ്യമായാണ് ടീം ലങ്കയില്‍ എത്തുന്നത്. 2017ലെ ഏകദിന പരമ്പരയില്‍ 3-2ന് തോല്‍വി വഴങ്ങിയെങ്കിലും രണ്ട് മികച്ച വിജയം സ്വന്തമാക്കാന്‍ ടീമിന് കഴിഞ്ഞിരുന്നു. 2023 ഐ.സി.സി ലോകകപ്പില്‍ മോശം പ്രകടനം കാഴ്ചവെച്ച ശ്രീലങ്കക്ക് പരമ്പര നിര്‍ണായകമാണ്. ദാസും ഷനകയാണ് ലങ്കയെ നയിക്കുന്നത്.

സിംബാബ്‌വെ നേരത്തെ 2024 ടി ട്വന്റി ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പുറത്തായിരുന്നു. ക്യാപ്റ്റന്‍ റാസയുടെ മിന്നും പ്രകടനമുണ്ടായിട്ടും ടീമിന് നിരാശമാത്രം ബാക്കിയാവുകയായിരുന്നു. ശേഷം റാസയുടെ അഭാവത്തില്‍ അയര്‍ലന്‍ഡുമായുള്ള ടി ട്വന്റി പരമ്പരയില്‍ 2-1ന് തോല്‍വി വഴങ്ങിയിരുന്നു. ഇരട്ട പ്രഹരമേറ്റ സിംബാബ്‌വെ പൂര്‍വ്വാതികം ശക്തിയോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.

ഡിസംബര്‍ 13, 15, 17 തിയ്യതികളില്‍ അയര്‍ലന്‍ഡിനെതിരെ ഏകദിന പരമ്പരയാണ് സിംബാബ്‌വെക്ക ഇനിയുള്ളത്.

Content Highlight: Raza and his team are ready to make a comeback against Sri Lanka

Latest Stories

We use cookies to give you the best possible experience. Learn more