കൊച്ചി: മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട) ചെയര്‍മാനായി സംവിധായകന്‍ ജയരാജ് തെരഞ്ഞെടുക്കപ്പെട്ടു. സുന്ദര്‍ ദാസാണ് ജനറല്‍ സെക്രട്ടറി. കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ നിര്‍ണയിച്ചത്.
ട്രഷറര്‍ സ്ഥാനത്തേക്ക് എ.എസ് ദിനേശ്, വൈസ് ചെയര്‍മാന്‍മാരായി എം.പത്മകുമാര്‍,
എ.കെ സന്തോഷ്, ജോയിന്റ് സെക്രട്ടറിമാരായി മാര്‍ത്താണ്ഡന്‍ ജി, പി.കെ ബാബുരാജ്, സേതു എന്നിവരെയും
മറ്റു എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു.
സംവിധായകന്‍ ലാല്‍ ജോസായിരുന്നു ചെയര്‍മാന്‍. ഷാജൂണ്‍ കാര്യാല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു.
2019-2022 വര്‍ഷത്തേക്കുള്ള 21 ഭരണസമിതി അംഗങ്ങളെയാണു തെരഞ്ഞെടുത്തത്. ചട്ടങ്ങളും കോടതി വിധിയും ലംഘിച്ചാണു തെരഞ്ഞെടുപ്പ് നടത്തിയതെന്ന് ആരോപിച്ച് ഒരു വിഭാഗം അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു.
എറണാകുളം ഒന്നാംക്ലാസ് മുന്‍സിഫ് കോടതി തെരഞ്ഞെടുപ്പ് തടഞ്ഞിരുന്നു.തപാല്‍ വോട്ട് ചെയ്യാനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തിയതിനെതിരെ സെക്രട്ടറി ഷാജി പാണ്ഡവത്ത് നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.മാക്ടയില്‍ വോട്ടവകാശമുള്ള അംഗങ്ങള്‍ തപാല്‍ വോട്ടിനുള്ള അപേക്ഷ തെരഞ്ഞെടുപ്പിന് 20 ദിവസം മുമ്പ് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. നിലവിലെ ഭരണസമിതി ഈ സമയപരിധി 30 ദിവസമാക്കി നീട്ടി. ജനറല്‍ ബോഡിയുടെ അംഗീകാരമില്ലാതെയാണ് വ്യവസ്ഥ മാറ്റിയതെന്നും ഇതുമൂലം നിരവധി അംഗങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമായെന്നും കാണിച്ചാണ് ഷാജി പാണ്ഡവത്തായിരുന്നു ഹര്‍ജി നല്‍കിയത്. ഹര്‍ജിയിലെ അന്തിമ വിധിയനുസരിച്ച് മാത്രമെ തെരഞ്ഞെടുപ്പ് നടത്താവൂ എന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.