| Thursday, 22nd February 2024, 8:54 pm

ധനുഷ് അടക്കം മൂന്ന് സംവിധായകര്‍ ക്യാമറക്ക് മുന്നില്‍, രായന്‍ സിനിമയുടെ അടുത്ത അപ്‌ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2002ല്‍ തുള്ളുവതോ ഇളമൈ എന്ന സിനിമയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് ധനുഷ്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് നിരവധി വിമര്‍ശനം നേരിട്ടെങ്കിലും പിന്നീട് അതിനെയെല്ലാം തരണം ചെയ്ത് രണ്ടു തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുകയും തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാവുകയുംചെയ്തു. താരത്തിന്റെ പുതിയ ചിത്രം ക്യാപ്റ്റന്‍ മില്ലറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 49 സിനിമകളില്‍ അഭിനയിച്ച ധനുഷിന്റെ 50ാമത്തെ സിനിമയായ രായന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ഇതുവരെ കാണാത്ത റഫ് ലുക്കിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനം. തിരുച്ചിത്രമ്പലത്തിന് ശേഷം സണ്‍ പിക്‌ചേഴ്‌സുമായി താരം ഒന്നിക്കുന്ന സിനിമ കൂടിയാണിത്. പോസ്റ്ററില്‍ ധനുഷിനോടൊപ്പം കാളിദാസ് ജയറാമും ഉണ്ട്. ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ് ധനുഷ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ എസ്.ജെ. സൂര്യയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. താരത്തിന്റെ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. വാലി, ഖുഷി എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ കൂടിയാണ് എസ്.ജെ. സൂര്യ. ഇപ്പോഴിതാ മറ്റൊരു സംവിധായകനും ചിത്രത്തില്‍ അഭിനയിക്കുന്നു. തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളായ സെല്‍വരാഘവനാണ് രായനിലെ മറ്റൊരു കഥാപാത്രം. താരത്തിന്റെ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇതോടുകൂടി മൂന്ന് സംവിധായകര്‍ ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുന്നു.

എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. രാഞ്ജനാ, അത്‌രംഗീ രേ, മരിയന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ധനുഷും എ.ആര്‍ റഹ്‌മാനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

Content Highlight: Rayan movie new update

We use cookies to give you the best possible experience. Learn more