മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ കരിം ബെന്‍സിമ നേടിയ സമനില ഗോളായിരുന്നു സിദാനും സംഘത്തിനെയും ചരിത്രത്തിലേക്ക് നയിച്ചത്.
മാഡ്രിഡ്: തോല്‍വിയറിയാതെ നാല്‍പ്പതു മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ചരിത്രം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഫുട്‌ബോള്‍ ക്ലബ്ബ് റയല്‍ മാഡ്രിഡ്. ഫ്രഞ്ച് ഇതിഹാസതാരം സിനദിന്‍ സിദാന്‍ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷമാണ് റയലിന്റെ ഈ വിജയ കുതിപ്പ്.
ഇന്നു നടന്ന കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സെവിയ്യയോട് 3-3 സമനില വഴങ്ങിയെങ്കിലും ടൂര്‍ണ്ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി എന്നതിനേക്കാള്‍ പരാജയം അറിയാതെയുള്ള മുന്നേറ്റം തുടരാനായതിന്റെ സന്തോഷത്തിലാണ് ടീമംഗങ്ങള്‍. 2015 ഒക്ടോബറിനും 2016 മാര്‍ച്ചിനും ഇടയില്‍ ബാഴ്‌സ സ്വന്തമാക്കിയ 39 മത്സരങ്ങളുടെ റെക്കോര്‍ഡാണ് റയല്‍ തകര്‍ത്തത്.
മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ കരിം ബെന്‍സിമ നേടിയ സമനില ഗോളായിരുന്നു സിദാനും സംഘത്തിനെയും ചരിത്രത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദ മത്സരത്തിലായിരുന്നു ടീം അവസാനമായി പരാജയപ്പെട്ടത്. വോള്‍വ്‌സ്ബര്‍ഗിനോടായയിരുന്നു അത്.
സിദാന്‍ പരിശീലകനായി എത്തിയ ശേഷമാണ് റയലിന്റെ ഈ ചരിത്ര കുതിപ്പ്. അവസാന 40 മത്സരങ്ങളില്‍ 31 വിജയങ്ങളും ഒമ്പത് സമനിലയുമാണ് ടീമിന്റെ നേട്ടം. 115 ഗോളുകള്‍ നേടിയപ്പോള്‍ 39 എണ്ണം മാത്രമാണ് ടീം വഴങ്ങിയത്.