എനിക്കറിയാം ഞാന്‍ വേണ്ടത്ര സ്പഷ്ടമാക്കുന്നില്ല.
വിമര്‍ശകരെ സന്തുഷ്ടരാക്കാന്‍
അല്ലെങ്കില്‍ വേണ്ടത്ര വക്ര വഴി സ്വീകരിക്കുന്നില്ല
വാങ്മയ ചിത്രങ്ങള്‍ എന്നില്‍ നിന്ന് രക്ഷപ്പെടുന്നു.
കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മറയ്ക്കാന്‍
മൃദുലവും പ്രസാദാത്മകവുമായ വാക്കുകളെനിക്ക് കണ്ടെത്താനാവുന്നില്ല.
ചോര ചോരയും കൊലപാതകം കൊലപാതകവുമാണ്.
വിധി കൂടാതെ നടത്തുന്ന കാട്ടാള വധത്തിന്
സുഗന്ധത്തില്‍ മുക്കിയ പദമെന്തിനാണ്?
വര്‍ണരഹിതമായ സ്വപ്നാടനക്കാരായ കവികളെ വരിക.
സ്വന്തം കുടിലിന് പുറത്ത്
വെള്ളക്കാരന്റെ അടുക്കളയില്‍ ജോലി ചെയ്യുന്ന ഒരു കറുത്ത സ്ത്രീയിതാ-
എങ്ങനെയാണ് ഞാനാ കഥ പറയുക?
തണുത്ത കൊറിയന്‍ ചെളിയില്‍ മുഖം താഴ്ത്തി ഒരു കറുത്ത കുട്ടി.
നിങ്ങളുടെ നുരച്ചു പൊന്തുന്ന നിരര്‍ത്ഥക പദങ്ങള്‍ കൊണ്ട് പറയുക.
എന്തു കൊണ്ടവന്‍ ജീവിക്കുന്നില്ല?
ഞങ്ങളുടെ വിലാപഗീതികളിലെ അസംതൃപ്തിക്ക്
ഇത്തിരി വീഞ്ഞ്, ഇത്തിരി ചിണുങ്ങല്‍
മറ്റൊന്നുമില്ല. വിപ്ലവമേയില്ല!
ലോലമായ അനുഭവങ്ങളുമായി നിങ്ങള്‍ കെട്ടി മറിയുക.
ഒരു ശരത്കാല ഇല മരത്തില്‍ നിന്ന് തൂങ്ങി നില്‍ക്കുന്നു.
ഞാന്‍ കാണുന്നത് ഒരു ശരീരമാണ്
മൊഴിമാറ്റം: പി.കെ. പാറക്കടവ്