| Tuesday, 20th August 2024, 7:55 am

ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നറാണ് ഞാന്‍, എന്നെ ടീമില്‍ ഉള്‍പ്പെടുത്തൂ; തമിഴ്‌നാടിന്റെ തുറുപ്പുചീട്ട് പറയുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

തിരക്കുകളൊഴിയാത്ത ക്രിക്കറ്റ് കലണ്ടറാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. ഈ വര്‍ഷം തന്നെ ഇന്ത്യക്ക് ഇനി അഞ്ച് പരമ്പരകളാണ് കളിക്കാനുള്ളത്, അതില്‍ മൂന്നെണ്ണമാകട്ടെ ടെസ്റ്റ് പരമ്പരകളും.

ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ബംഗ്ലാദേശും ന്യൂസിലാന്‍ഡും ഇന്ത്യയില്‍ പര്യടനം നടത്താനെത്തുമ്പോള്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണിലേക്ക് പറക്കും.

ഇതില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന പരമ്പരയാണ് ഇന്ത്യ ആദ്യം കളിക്കുക.

ടെസ്റ്റ് ടീമിലേക്കുള്ള താരങ്ങളുടെ സെലക്ഷനായി ബി.സി.സി.ഐ എല്ലാവരോടും ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എല്‍. രാഹുലും യശസ്വി ജെയ്‌സ്വാളും റിഷബ് പന്തും അടക്കം സെന്‍ട്രല്‍ കോണ്‍ട്രാക്ടിലുള്ള താരങ്ങളെല്ലാം തന്നെ ദുലീപ് ട്രോഫിയുടെ ഭാഗമവുമാണ്.

ഇപ്പോള്‍ ടൂര്‍ണമെന്റിന് മുമ്പായി ഇന്ത്യന്‍ അരങ്ങേറ്റത്തിനൊരുക്കമാണെന്ന് വ്യക്തമാക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ തമിഴ്‌നാട് താരവും രഞ്ജി ടീം നായകനുമായ രവിശ്രീനിവാസന്‍ സായ് കിഷോര്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സായ് കിഷോര്‍ ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ഞാന്‍ എന്നാണ് എന്റെ വിശ്വാസം. എന്നെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തൂ, ഞാന്‍ തയ്യാറാണ്. ഞാന്‍ അധികമൊന്നും ആശങ്കപ്പെടുന്നില്ല. ജഡേജ ടീമിലുണ്ട്. ഞാന്‍ അദ്ദേഹത്തോടൊപ്പം കളിച്ചതാണ്.

ഞാന്‍ ജഡേജക്കൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിച്ചിട്ടുണ്ട്, പക്ഷേ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഒരിക്കല്‍പ്പോലും ഒന്നിച്ചുകളിച്ചിട്ടില്ല. ഇതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് ഇത് പുതിയ അനുഭവമായിരിക്കും, പലതും പഠിക്കാനുള്ള അവസരമായിരിക്കും.

ഇതേ കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്. മുമ്പെങ്ങുമില്ലാത്ത വിധം ഇതിനായി ഞാന്‍ തയ്യാറുമാണ്,’ രവിശ്രീനിവാസന്‍ സായ് കിഷോര്‍ പറഞ്ഞു.

കരിയറിലിതുവരെ 39 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലാണ് സായ് കിഷോര്‍ കളത്തിലിറങ്ങിയിട്ടുള്ളത്. തമിഴ്‌നാടിനും ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനും വേണ്ടിയാണ് താരം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ പന്തെറിഞ്ഞത്. കഴിഞ്ഞ തവണ ദുലീപ് ട്രോഫി കിരീടം നേടിയ സൗത്ത് സോണ്‍ ടീമിലെ പ്രധാന താരങ്ങളിലൊരാളും സായ് കിഷോര്‍ തന്നെയായിരുന്നു.

39 മത്സരത്തില്‍ നിന്നും 166 വിക്കറ്റാണ് സായ് കിഷോര്‍ സ്വന്തമാക്കിയത്. 24.01 ശരാശരിയിലും 51.9 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന സായ് കിഷോറിന്റെ എക്കോണമി 2.77 ആണ്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ പത്ത് ഫൈഫറും ഒമ്പത് ഫോര്‍ഫറുമാണ് താരത്തിന്റെ സമ്പാദ്യം. ഒരു ടെന്‍ഫറും ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ നേടിയിട്ടുണ്ട്.

52 ഇന്നിങ്‌സില്‍ നിന്നും 16.20 ശരാശരയില്‍ 729 ഫസ്റ്റ് ക്ലാസ് റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇത്തവണ ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ ബി-ടീമിലും സായ് കിഷോര്‍ ഇടം നേടിയിട്ടുണ്ട്. അഭിമന്യു ഈശ്വരനാണ് ടീമിന്റെ നായകന്‍.

ടീം ബി

അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത്, മുഷീര്‍ ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി*, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, മുകേഷ് കുമാര്‍, രാഹുല്‍ ചഹര്‍, രവിശ്രീനിവാസല്‍ സായ്കിഷോര്‍, മോഹിത് അവസ്തി, നാരായണ്‍ ജഗദീശന്‍.

(*ഫിറ്റ്‌നസ്സിന്റെ അടിസ്ഥാനത്തിലാകും നിതീഷ് കുമാര്‍ റെഡ്ഡിയുടെ ടീമിലെ സ്ഥാനം)

Content highlight: Ravisreenivasan Sai Kishore says he is one of the best spinner in the country

We use cookies to give you the best possible experience. Learn more