പട്‌ന: അഴിമതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിനു ക്ഷണിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു ധാര്‍മിക അവകാശമില്ലെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. അഴിമതിക്കേസില്‍ പ്രതിയാണു രാഹുലെന്നും ആ കേസില്‍ അദ്ദേഹം ജാമ്യത്തിലാണെന്നും നാഷണല്‍ ഹെറാള്‍ഡ് കേസ് ലക്ഷ്യമാക്കി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
“രാഹുലും അമ്മ സോണിയാ ഗാന്ധിയും സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും അഴിമതിക്കേസുകളില്‍ ജാമ്യമെടുത്തിരിക്കുകയാണ്. തനിക്കെതിരായ കേസിനെപ്പറ്റി രാഹുല്‍ ആദ്യം വിശദീകരിക്കണം. പ്രധാനമന്ത്രിയുടെ സത്യസന്ധതയെയും ആത്മാര്‍ഥതയെയും പറ്റി സംസാരിക്കാന്‍ അദ്ദേഹത്തിന് എന്തവകാശം? കേന്ദ്രം സത്യസന്ധമായാണു കഴിഞ്ഞ അഞ്ചുവര്‍ഷവും പ്രവര്‍ത്തിച്ചത്.”- അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥിന്റെ ഒരു വിശ്വസ്തന്റെ വീട്ടിലും മറ്റുമായി ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കോടിക്കണക്കിനു രൂപ കണ്ടെത്തിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
മോദിയെ സംവാദത്തിനു വെല്ലുവിളിച്ചുകൊണ്ടു രാഹുല്‍ ചെയ്ത ട്വീറ്റിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. അഴിമതിയെപ്പറ്റി സംവാദം നടത്താന്‍ ഭയമാണോയെന്നു പ്രധാനമന്ത്രിയോടു രാഹുല്‍ ചോദിച്ചിരുന്നു. സംവാദത്തിനു തയ്യാറെടുക്കാന്‍ താന്‍ സഹായിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. റഫാല്‍ ഇടപാടും അംബാനിയും, നീരവ് മോദി, അമിത് ഷായും നോട്ടസാധുവാക്കലും എന്നീ വിഷയങ്ങളില്‍ തയ്യാറെടുപ്പ് നടത്തിക്കോളൂവെന്നും രാഹുല്‍ ട്വീറ്റില്‍ പറഞ്ഞിരുന്നു.