കോണ്‍ഗ്രസ് ഉയര്‍ത്തികാട്ടുന്നത് നേരത്തെ തന്നെ ശാസ്ത്രീയ പരിശോധനകള്‍ നടത്തി തള്ളി കളഞ്ഞ രേഖകള്‍; അഴിമതി ആരോപണം നിഷേധിച്ച് രവി ശങ്കര്‍ പ്രസാദ്
national news
കോണ്‍ഗ്രസ് ഉയര്‍ത്തികാട്ടുന്നത് നേരത്തെ തന്നെ ശാസ്ത്രീയ പരിശോധനകള്‍ നടത്തി തള്ളി കളഞ്ഞ രേഖകള്‍; അഴിമതി ആരോപണം നിഷേധിച്ച് രവി ശങ്കര്‍ പ്രസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd March 2019, 5:05 pm

ന്യൂദല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനായി ബി.ജെ.പി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും 1800 കോടി രൂപ നല്‍കിയെന്ന കാരവന്‍ റിപ്പോര്‍ട്ട് നിഷേധിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കോണ്‍ഗ്രസ് ഉയര്‍ത്തികാട്ടുന്നത് വ്യാജരേഖയാണെന്നും ഡയറിയിലെ കൈപ്പട പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

“കോണ്‍ഗ്രസ് വ്യജരേഖയാണ് ഉയര്‍ത്തികാട്ടുന്നത്. ഡയറിയിലെ കൈപ്പട പരിശോധനകള്‍ക്ക് വിധേയമാക്കണം.ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ്. കള്ളങ്ങളില്‍ ഊന്നിയ പ്രചാരണമാണ് കോണ്‍ഗ്രസിന്റേത്. കര്‍ണ്ണാടകയില്‍ നിന്ന് നേരത്തെ തന്നെ ഈ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇത് പരിശോധിക്കുകയും ഈ വിഷയത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തുകയും തള്ളികളയുകയും ചെയ്ത രേഖകകളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത്.” രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ALSO READ: ജസീന്റ ആര്‍ഡനെ പോലൊരു നേതാവിനെ അമേരിക്ക അര്‍ഹിക്കുന്നുണ്ട്

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ യെദ്യുരപ്പയുടെ ഡയറിയുടെ പകര്‍പ്പാണ് കാരവന്‍ പുറത്തുവിട്ടിരിക്കുന്നത്. 1800 കോടിയോളം രൂപ വിവിധ ബി.ജെ.പി നേതാക്കള്‍ക്ക് കൈമാറിയതായി ഡയറിയില്‍ രേഖപ്പടുത്തിയിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ വേണ്ടി യാണ് വന്‍ തുക നല്‍കിയതെന്നാണ് ഡയറിയില്‍ പറഞ്ഞിരിക്കുന്നത്.

ആദായ നികുതി വകുപ്പിന്റെ പക്കലുള്ള ഡയറിയാണ് പുറത്തുവിട്ടത്. നിതിന്‍ ഗഡ്ഗരിക്കും അരുണ്‍ ജെയ്റ്റ്ലിക്കും 150 കോടി രൂപ വീതം നല്‍കിയെന്നും ജഡ്ജിമാര്‍ക്ക് 250 കോടി രൂപ നല്‍കിയതായും സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ എഴുതിയിട്ടുണ്ട്.

ഡയറിയിലെ എല്ലാ പേജുകളിലും യെദ്യൂരപ്പയുടെ ഒപ്പുണ്ട്. ഗഡ്ഗരിയുടെ മകന്റെ വിവാഹത്തിന് 10 കോടി നല്‍കിയെന്നും രാജ്നാഥ് സിങ്ങിന് 100 കോടി നല്‍കിയെന്നും ഡയറിയില്‍ പറയുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് 1000 കോടി നല്‍കിയതായും ഡയറിയില്‍ വ്യക്തമാക്കുന്നു.

2009 ജനുവരി 17, 18 തിയതികളുടെ ഡയറിയിലെ പേജുകളാണ് പുറത്തുവിട്ടത്.