| Wednesday, 30th November 2022, 10:02 pm

രവീഷ് കുമാറും പുറത്തേക്ക്; എന്‍.ഡി.ടി.വിയില്‍ നിന്നും രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ എന്‍.ഡി.ടി.വിയില്‍ നിന്നും രാജിവെച്ചു. ചാനലിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു രവീഷ് കുമാര്‍.

എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികള്‍ കൈവശമുള്ള പ്രൊമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.എച്ചിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് രവീഷ് കുമാര്‍ രാജിവെച്ചിരിക്കുന്നത്. നേരത്തെ എന്‍.ഡി.ടി.വിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും സ്ഥാപകരും പ്രൊമോട്ടര്‍മാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചിരുന്നു.

രവീഷ് കുമാറിന്റെ രാജിയുടെ വിവരം അറിയിച്ചുകൊണ്ട് എന്‍.ഡി.ടി.വി പുറത്തുവിട്ട പ്രസ്താവനയില്‍ രാജി സ്വീകരിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ‘രവീഷ് കുമാറിനെ പോലെ ജനങ്ങളെ ഇത്രമേല്‍ സ്വാധീനിച്ച മാധ്യമപ്രവര്‍ത്തകര്‍ വളരെ കുറവാണ്. ചെല്ലുന്നിടത്തെല്ലാം അദ്ദേഹം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്,’ എന്‍.ഡി.ടി.വിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഹം ലോഗ്, രവീഷ് കി റിപ്പോര്‍ട്ട്, ദേശ് കി ബാത്ത്, പ്രൈം ടൈം തുടങ്ങിയ രവീഷ് കുമാര്‍ അവതരിപ്പിച്ചിരുന്ന വാര്‍ത്താ പരിപാടികള്‍ വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്‍.ഡി.ടി.വിയുടെ മുഖമായിട്ടായിരുന്നു അദ്ദേഹം അറിയിപ്പെട്ടിരുന്നത്. 2019ല്‍ മഗ്‌സസെ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായിരുന്നു.

അതേസമയം, എന്‍.ഡി.ടി.വിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (RRPR Holding Private Limited) ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് പ്രണോയിയും രാധികയും കഴിഞ്ഞ ദിവസം രാജിവെച്ചത്.

ചൊവ്വാഴ്ച നടന്ന ബോര്‍ഡ് മീറ്റിങ്ങിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം. ഇരുവരുടെയും രാജി സ്വീകരിച്ചതായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യക്കും കൈമാറിയ റെഗുലേറ്ററി ഫയലിങ് രേഖയില്‍ എന്‍.ഡി.ടി.വി വ്യക്തമാക്കി.

ഇരുവരും രാജിവെച്ച ഒഴിവിലേക്ക് സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ അടിയന്തര പ്രാധാന്യത്തോടെ നിയമിക്കുമെന്നും എന്‍.ഡി.ടി.വി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികള്‍ കൈവശമുള്ള പ്രൊമോട്ടര്‍ കമ്പനിയാണ് ആര്‍.ആര്‍.പി.എച്ച്. ഇതാണ് നേരത്തെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തോടെയായിരുന്നു എന്‍.ഡി.ടി.വിയുടെ 29.2 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.

മാധ്യമ മേഖലയില്‍ അദാനിയുടെ ഉപകമ്പനിയായ എ.എം.ജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡാണ് അവരുടെ തന്നെ അനുബന്ധ സ്ഥാപനമായ വി.സി.പി.എല്ലില്‍ (വിശ്വപ്രദാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്) നിന്നും എന്‍.ഡി.ടി.വിയുടെ ഓഹരികള്‍ വാങ്ങിയത്.

വി.സി.പി.എല്ലില്‍ നിന്നും എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികള്‍ വാങ്ങിക്കുമെന്നും 26 ശതമാനം ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫര്‍ ആരംഭിക്കും എന്നുമായിരുന്നു അദാനി എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ നെറ്റ്വര്‍ക്ക് അറിയിച്ചിരുന്നത്.

26 ശതമാനം ഓഹരി കൂടി ലഭിക്കുകയാണെങ്കില്‍, അദാനി ഗ്രൂപ്പിന്റെ മൊത്തം ഓഹരി 55.18 ശതമാനമായി ഉയരും. ഇത് എന്‍.ഡി.ടി.വിയുടെ മാനേജ്മെന്റ് നിയന്ത്രണം ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പിന് വഴിയൊരുക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 85 കോടി രൂപയായിരുന്നു എന്‍.ഡി.ടി.വിയുടെ ലാഭം. പ്രണോയ് റോയിക്കും ഭാര്യ രാധിക റോയിക്കും 32.26 ശതമാനം ഓഹരി സ്ഥാപനത്തിലുണ്ട്. എന്‍.ഡി.ടി.വി 24ഃ7, എന്‍.ഡി.ടി.വി ഇന്ത്യ, എന്‍.ഡി.ടി.വി പ്രോഫിറ്റ് എന്നീ ടി.വി ചാനലുകളാണ് എന്‍.ഡി.ടി.വി ഗ്രൂപ്പിനുള്ളത്.

അതിനിടെ, ആര്‍.ആര്‍.പി ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്‍.ആര്‍.പി.എച്ച്) 99.5 ശതമാനം നിയന്ത്രണങ്ങളുമേറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ അധീനതയിലുള്ള വി.സി.പി.എല്ലിന്റെ നടപടിക്കെതിരെ എന്‍.ഡി.ടി.വി രംഗത്തെത്തിയിരുന്നു.

തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് വി.സി.പി.എല്‍ ഇത്തരമൊരു നടപടിക്കൊരുങ്ങിയത് എന്നായിരുന്നു എന്‍.ഡി.ടിവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

Content Highlight: Ravish Kumar resigns from NDTV after Adani’s take over

We use cookies to give you the best possible experience. Learn more