| Tuesday, 24th September 2019, 8:18 am

ഹിന്ദിക്ക് രാജ്യത്തിനെ ഒന്നിപ്പിക്കാനാവില്ല; മോദിക്ക് കീഴില്‍ നമ്മള്‍ നന്നായി കഴിയുന്നുണ്ടെന്ന് സ്ഥാപിക്കാനുള്ള തിരക്കിലാണ് മുഖ്യധാര മാധ്യമങ്ങള്‍; രവീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഹിന്ദിക്ക് രാജ്യത്തിനെ ഒന്നിപ്പിക്കാനാവില്ലെന്ന് എന്‍.ഡി.ടി.വി മാനേജിങ് എഡിറ്ററും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ രവീഷ് കുമാര്‍. ഹിന്ദി ഭാഷ അടിച്ചേല്‍പിക്കുന്നതിനെ കുറിച്ച് ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവില്‍ പ്രഥമ ഗൗരി ലങ്കേഷ് മാധ്യമ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ പലതിലും മികച്ച സര്‍വ്വകാലാശാലകളോ വിദ്യഭ്യാസമോ ഇല്ലെന്നും മത്സര പരീക്ഷകളില്‍ പോലും ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലും ബിഹാറിലും സ്‌കൂളൂകളില്‍ 10 ലക്ഷം വിദ്യാര്‍ഥികള്‍ ഹിന്ദിയില്‍ തോറ്റുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ചില മാധ്യമങ്ങള്‍ ഇന്ന് ജനാധിപത്യത്തിന്റെ അന്തഃസത്തയെ ഇല്ലാതാക്കുകയാണെന്നും ജനാധിപത്യത്തെ സ്‌നേഹിക്കുന്നവരാണെങ്കില്‍ അത്തരം മാധ്യമങ്ങളോട് പോരാടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തിന് വേണ്ടി മാധ്യമങ്ങള്‍ ഏറെ പോരാടിയിരുന്നു എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയെന്നും പ്രത്രങ്ങള്‍ നിര്‍ത്തിയും ചാനലുകള്‍ ഓഫ് ചെയ്തും തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെതിരെ തെരുവുകളില്‍ സമരം നടക്കുന്നുണ്ട് എന്നിട്ടും പല മുഖ്യധാര മാധ്യമങ്ങളും അത് കണ്ടില്ലെന്ന് വെയ്ക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെയും മോദിയുടെയും കീഴില്‍ നമ്മള്‍ നന്നായി കഴിയുന്നുണ്ടെന്ന് സ്ഥാപിച്ച് എടുക്കാനുള്ള തിരക്കിലാണ് പല മുഖ്യധാര മാധ്യമങ്ങളെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

DoolNews Video

 

We use cookies to give you the best possible experience. Learn more