ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചില ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍. ഗൗരിയുടെ കൊലപാതകത്തെ ആഘോഷിക്കുന്നവരെ എന്തിനാണ് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നതെന്നാണ് രവീഷ് കുമാര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. തന്റെ ബ്ലോഗിലൂടെയാണ് രവീഷ് കുമാര്‍ മോദിയെ ചോദ്യം ചെയ്യുന്നത്.
” ഇന്ത്യന്‍ ജനത പ്രധാനമന്ത്രിയ്ക്ക് ഒരുപാട് ആദരവ് നല്‍കിയിട്ടുണ്ട്. ആരെയാണ് അദ്ദേഹം ഫോളോ ചെയ്യേണ്ടത്? നിങ്ങള്‍ ഫോളോ ചെയ്യുന്ന 1700 പേരില്‍ ഗൗരിയെ പട്ടിയെന്ന് വിശേഷിപ്പിച്ചയാള്‍ നിങ്ങള്‍ ഫോളോ ചെയ്യേണ്ടയാളാണോ? നിങ്ങള്‍ ബി.ജെ.പിയുടെ മുഴുവന്‍ ജനപ്രതിനിധികളെപ്പോലും ഫോളോ ചെയ്തിട്ടില്ല എന്നിരിക്കെയാണ് ഇവരെയൊക്കെ ഫോളോ ചെയ്യുന്നത്.” രവീഷ് കുമാര്‍ ചോദിക്കുന്നു.
ഇവര്‍ക്കൊക്കെ പകരം ഫോളോ ചെയ്യാന്‍ ആളില്ലെന്നാണെങ്കില്‍ നിങ്ങള്‍ എന്നെ ഫോളോ ചെയ്‌തോളൂ എന്ന നിര്‍ദേശവും മോദിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. ” ഞാന്‍ നല്ല കവിതകളും ശ്ലോകങ്ങളും ഹിന്ദുധര്‍മ്മവും ഷെയര്‍ ചെയ്യാം. തന്നെ മാനിക്കാത്ത ഒരു ഇന്ത്യയിലായിപ്പോയല്ലോ താന്‍ എന്ന തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ടാവുകയുമില്ല. ഞാന്‍ നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള ആദരവും നല്‍കാം.” രവീഷ് കുമാര്‍ പറയുന്നു.
കൂടാതെ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അറിയാനും അതുവഴി ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയുമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. വിദ്വേഷം പ്രചരിക്കുന്ന ഇത്തരം ആളുകളെ ട്വിറ്ററില്‍ ഫോളോ ചെയ്യരുതെന്ന് പ്രധാനമന്ത്രിയെ ഉപദേശിച്ചുകൊണ്ടാണ് രവീഷ് കുമാര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കുന്നത്.
“എല്ലാ തരത്തിലുള്ള മനുഷ്യത്വവും നിലനിര്‍ത്തിക്കൊണ്ടേ ഞാന്‍ വിമര്‍ശനങ്ങള്‍ മുന്നോട്ടുവെക്കുകയുള്ളൂ. ഒരിക്കലും ഞാന്‍ നിങ്ങളെ അപമാനിച്ചു എന്ന തോന്നല്‍ വരുത്താന്‍ ഇടയാക്കില്ല” എന്നും അദ്ദേഹം ഉറപ്പുനല്‍കുന്നു.
പ്രധാനമന്ത്രി ഫോളോ ചെയ്യുന്നവര്‍ അവരുടെ ഇത്തരം പ്രവൃത്തികളിലൂടെ പ്രധാനമന്ത്രിയെ തന്നെയാണ് അപമാനിക്കുന്നത്. ഈ ഭ്രാന്തന്‍ സേന പ്രധാനമന്ത്രിയുടെ അന്തസ്സിന് യോജിച്ച രീതിയിലല്ല പെരുമാറുന്നതെന്നും രവീഷ്‌കുമാര്‍ കുറ്റപ്പെടുത്തുന്നു.
ഇവരെ ഫോളോ ചെയ്യുന്നത് ഒഴിവാക്കിയാല്‍ സ്വയം രക്ഷപ്പെടാമെന്നതു മാത്രമല്ല പ്രശ്‌നം മറിച്ച് പ്രധാനമന്ത്രിയില്‍ നിന്നും തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി തേടാന്‍ ശ്രമിക്കുന്ന ജനങ്ങള്‍ക്കും അത് സഹായകരമാകുമെന്നും രവീഷ് കുമാര്‍ നിര്‍ദേശിക്കുന്നു.