ആധാര്‍ ചോര്‍ച്ച;സ്വകാര്യതയ്ക്ക് അമിത പ്രാധാന്യം നല്‍കേണ്ട കാര്യമില്ല: കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ്
national news
ആധാര്‍ ചോര്‍ച്ച;സ്വകാര്യതയ്ക്ക് അമിത പ്രാധാന്യം നല്‍കേണ്ട കാര്യമില്ല: കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th January 2018, 9:45 pm

ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ വ്യാപകമായി ചോരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് പ്രാധാന്യം നല്‍കരുതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഡിജിറ്റല്‍ സാങ്കേതികതയുടെ ഭാഗമായി ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് സാധാരണമാണ്. അതിന്റെ ഭാഗമായി പുതിയ കാര്യങ്ങളെ തള്ളിക്കളയുന്ന രീതി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായിക വിപ്ലവം ഇന്ത്യയിലെത്തിയിട്ടും അതിന്റെ ഫലം രാജ്യത്തിന് ലഭിച്ചിട്ടില്ല. അതിന്റെ പ്രധാനകാരണം ഇന്ത്യ തുടര്‍ന്നുപോരുന്ന ലൈസന്‍സ് രാജ് സമ്പ്രദായമാണ്.

ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചാലും ബില്ലായി തെളിവ് അവശേഷിക്കുന്നു. ഇൗ സാഹചര്യത്തില്‍ സ്വകാര്യതയ്ക്ക് അമിതപ്രാധാന്യം നല്‍കേണ്ട കാര്യമില്ലെന്നാണ് മന്ത്രി പറഞ്ഞത്. ആരോഗ്യവിവരങ്ങളും ബാങ്ക് രേഖകളും സ്വകാര്യ വിവരങ്ങളായിരിക്കും.

ഇതിനോടകം തന്നെ നിരവധി വ്യാജ അക്കൗണ്ടുകളും വ്യാജ അധ്യാപകരെയും കണ്ടെത്താനായത് ആധാര്‍ വിവരങ്ങളുപയോഗിച്ചാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

ആധാര്‍ വിവരങ്ങള്‍ വ്യാപകമായി ചോരുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിശദീകരണവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.