രാജ്കോട്ട്: ലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചതില്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പങ്ക് വളരെയധികമായിരുന്നു. എന്നാല്‍ തൊട്ടു പിന്നാലെയെത്തിയ ഓസീസ് പര്യടനത്തില്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്താതെ സെലക്ഷന്‍ കമ്മിറ്റി വിശ്രമം അനുവദിക്കുകയും ചെയ്തു.
ഓസീസിനോടുള്ള ഏകദിന പരമ്പര ഇന്ത്യ 4-1 നു സ്വന്തമാക്കി ട്വന്റി- 20 യ്ക്കിറങ്ങിയപ്പോള്‍ ആരാധകരുടെ സ്വന്തം ജഡ്ഡുവിനു വന്‍ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. ടീമില്‍ നിന്നോ ബോര്‍ഡില്‍ നിന്നോ ആയിരുന്നില്ല ഈ തിരിച്ചടി. മറിച്ച് രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരാണ് താരത്തിന് “വന്‍ പണി” നല്‍കിയിരിക്കുന്നത്.
ജഡേജയുടെ ഉടമസ്ഥതയിലുള്ള രാജ്കോട്ടിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയ മുനിസിപ്പല്‍ അധികൃതര്‍ ഹോട്ടല്‍ അടപ്പിക്കുകയാണ് ചെയ്തത്. “ജഡ്ഡൂസ് ഫുഡ് ഫീല്‍ഡ്” എന്ന റെസ്റ്റോറന്റിലാണ് അധികൃതര്‍ റെയ്ഡ് നടത്തി പഴകിയ ഭക്ഷണം പിടികൂടിയത്. “അഹമ്മദാബാദ് മിററാണ്” ഹോട്ടല്‍ അടപ്പിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പിടിച്ചെടുത്ത പഴകിയ ഭക്ഷണം നശിപ്പിച്ച അധികൃതര്‍ റെസ്റ്റോറന്റ് നാല് ദിവസത്തേയ്ക്കാണ് അടച്ചിട്ടത്. ജഡേജയുടേത് അടക്കം നഗരത്തിലെ മൂന്ന് റെസ്റ്റോറന്റുകളിലാണ് അധികൃതര്‍ റെയ്ഡ് നടത്തിയത്. ജഡേജയുടെ സഹോദരി നൈനയാണ് ഈ റെസ്റ്റോറന്റ് നടത്തുന്നത്.