| Friday, 4th November 2022, 7:48 pm

ജഡ്ഡുവിനെ പുറത്താക്കാനാവില്ല, എന്ത് വിലകൊടുത്തും അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തും: എം.എസ്. ധോണി

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ രവീന്ദ്ര ജഡേജയുടെ ഭാവിയെ കുറിച്ച് കഴിഞ്ഞ ഐ.പി.എല്ലില്‍ ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ജഡേജ കഴിഞ്ഞ സീസണില്‍ സി.എസ്.കെയില്‍ സന്തുഷ്ടനായിരുന്നില്ലെന്ന റിപ്പോര്‍ട്ട് വ്യാപകമായി പ്രചരിച്ചിരുന്നു.

തൊട്ടുപിന്നാലെ, അടുത്ത സീസണില്‍ താരം ക്ലബ്ബ് വിട്ടേക്കുമെന്നുമുള്ള ഊഹാപോഹങ്ങളും പരന്നിരുന്നു.

എന്നാല്‍ ജഡേജയെ സി.എസ്.കെയില്‍ നിന്ന് റിലീസ് ചെയ്യാനാവില്ലെന്ന് നായകന്‍ എം.എസ്. ധോണി അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ജഡ്ഡുവിനെ പുറത്താക്കാനാവില്ലെന്നും അദ്ദേഹത്തെ എന്ത് വിലകൊടുത്തും ടീമില്‍ നിലനിര്‍ത്തണമെന്നും ധോണി മാനേജ്‌മെന്റിനെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജഡേജയുടെ അസാന്നിധ്യം മറ്റാര്‍ക്കും നികത്താനാവില്ലെന്നും അദ്ദേഹത്തോളം ഇമ്പാക്ടുള്ള മറ്റൊരു താരമില്ലെന്നും ധോണി ടീം മാനേജ്‌മെന്റിനെ ബോധിപ്പിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം ജഡേജയെ നിലനിര്‍ത്തുമോ അതോ ഒഴിവാക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമോ ഔദ്യോഗിക പ്രഖ്യാപനമോ ഇതുവരെ സി.എസ്.കെ പുറത്തുവിട്ടില്ല.

താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ വരുന്ന നവംബര്‍ 15ാം തിയതിയാണ്.

2012ലാണ് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയത്. ചെന്നൈക്കൊപ്പം രണ്ട് കിരീടം നേടാന്‍ അദ്ദേഹത്തിനായി. എന്നാല്‍ കഴിഞ്ഞ സീസണില്‍ ജഡേജയും ടീമും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.

തുടര്‍ന്ന് ഐ.പി.എല്‍ പതിനഞ്ചാം സീസണ്‍ നടക്കുന്നതിനിടയില്‍ ജഡേജയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കി മുന്‍ നായകന്‍ എം.എസ്. ധോണിയെ ചുമതല ഏല്‍പിക്കുകയായിരുന്നു.

ജഡേജക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഈ മാറ്റം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പര്‍ കിങ്സും കഴിഞ്ഞ സീസണിന് ശേഷം രമ്യതയിലല്ല എന്ന അഭ്യൂഹങ്ങള്‍ പിന്നാലെ പ്രചരിക്കുകയായിരുന്നു.

തുടര്‍ന്ന് സി.എസ്.കെയില്‍ കളിച്ചപ്പോഴുള്ള ചിത്രങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തതോടെ വിവാദങ്ങള്‍ ശക്തമാവുകയായിരുന്നു.

താരം ചെന്നൈ ടീമിനെ അണ്‍ഫോളോ ചെയ്തതും ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നത്.

Content Highlights: Ravindra Jadeja will stay back with Chennai Super Kings, Says M.S Dhoni
We use cookies to give you the best possible experience. Learn more