| Saturday, 6th July 2019, 2:58 pm

കാത്തിരിപ്പിനൊടുവില്‍ ജഡ്ഡു ഇറങ്ങുന്നു; ഒന്നാമതെത്താന്‍ ഇന്ത്യ കളത്തിലേക്ക്; ടീമില്‍ രണ്ടു മാറ്റങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലീഡ്‌സ്: കാത്തിരിപ്പിനൊടുവില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ലോകകപ്പില്‍ കളിക്കാനിറങ്ങുന്നു. അല്‍പ്പസമയത്തിനുള്ളില്‍ തുടങ്ങുന്ന ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് ജഡേജ കളിക്കുന്നത്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു.

ഇന്ത്യ നേരത്തേ സെമിയില്‍ കടന്നിരുന്നെങ്കിലും ശ്രീലങ്ക പുറത്തായിരുന്നു. ഇത് ലങ്കയുടെ ഈ ലോകകപ്പിലെ അവസാന മത്സരമാണ്. ഹെഡ്ഡിങ്‌ലിയിലാണ് മത്സരം. മികച്ച ബാറ്റിങ് പിച്ചാണിത്.

ഇന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുന്നത്. മുഹമ്മദ് ഷമിക്കു പകരം ജഡേജയിറങ്ങുമ്പോള്‍, വലംകൈയന്‍ ലെഗ്‌സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനു പകരം ഇടംകൈയന്‍ ലെഗ്‌സ്പിന്നര്‍ കുല്‍ദീപ് യാദവ് കളിക്കാനിറങ്ങും.

ലങ്കന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. ജെഫ്‌റി വാന്‍ഡേര്‍സെയ്ക്കു പകരം തിസ്സാര പെരേരയിറങ്ങും.

ഈ മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും ഓസ്‌ട്രേലിയയെ ഇന്നു വൈകിട്ട് നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തുകയും ചെയ്താല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തും. ഓസ്‌ട്രേലിയ ജയിച്ചാല്‍ അവര്‍ തന്നെ ഒന്നാമത് നിലനില്‍ക്കും. രണ്ടാമതു പറഞ്ഞത് നടന്നാല്‍ ഇന്ത്യയും ഇംഗ്ലണ്ടും സെമിയില്‍ ഏറ്റുമുട്ടും. നേരത്തേ ഇംഗ്ലണ്ടിനെതിരെ കളിച്ച മത്സരമാണ് ഇന്ത്യ തോറ്റ ഏക മത്സരം. ന്യൂസിലാന്‍ഡാണ് സെമിയില്‍ കടന്ന നാലാമത്തെ ടീം.

2011 ലോകകപ്പില്‍ ലങ്കയെ ഫൈനലില്‍ വീഴ്ത്തിയാണ് ഇന്ത്യ കിരീടം നേടിയത്. മുംബൈയിലായിരുന്നു ആ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോനി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ.

Latest Stories

We use cookies to give you the best possible experience. Learn more