ലോകകപ്പില്‍ അവനുണ്ടാകില്ല, ഇന്ത്യക്ക് നഷ്ടങ്ങള്‍ മാത്രം
Sports News
ലോകകപ്പില്‍ അവനുണ്ടാകില്ല, ഇന്ത്യക്ക് നഷ്ടങ്ങള്‍ മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd September 2022, 8:18 pm

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായത്. വലത് കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തെ ഏഷ്യാ കപ്പില്‍ നിന്നും പുറകോട്ടുവലിച്ചിരിക്കുന്നത്.

താരത്തിന്റെ പരിക്കിനെ കുറിച്ച് അധികവിവരങ്ങളൊന്നും തന്നെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നില്ല. എന്നാല്‍ ജഡേജയുടെ പരിക്ക് സാരമുള്ളതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജഡേജക്ക് കാല്‍മുട്ടിന് മേജര്‍ സര്‍ജറി ആവശ്യമാണെന്നും ഏറെ നാള്‍ താരത്തിന് ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതോടെ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ജഡേജക്ക് കളിക്കാന്‍ സാധിക്കില്ല എന്ന് ഏകദേശം ഉറപ്പായ മട്ടാണ്. ഏറെ നാള്‍ വിശ്രമം വേണമെന്നും എന്നാല്‍ എത്രനാള്‍ വിശ്രമം വേണമെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാവില്ല എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

‘ജഡേജയുടെ വലത് കാല്‍മുട്ടിനേറ്റ പരിക്ക് വളരെ ഗുരുതരമാണ്. അദ്ദേഹം ഒരു മേജര്‍ സര്‍ജറിക്ക് വിധേയനാകേണ്ടി വരും, അനിശ്ചിതകാലത്തേക്ക് അദ്ദേഹത്തിന് ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായി വരും.

ഇപ്പോഴുള്ള എന്‍.സി.എ മെഡിക്കല്‍ ടീമിന്റെ വിലയിരുത്തല്‍ പ്രകാരം അവന്റെ തിരിച്ചുവരവ് എപ്പോഴായിരിക്കുമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ല,’ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.

ജഡേജയുടെ പുറത്താവല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ തന്നെ ചോദ്യചിഹ്നത്തിലാക്കിയിരുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.

പാകിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തില്‍ നിര്‍ണായക പങ്കായിരുന്നു ജഡേജ വഹിച്ചത്. രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കെ ഇന്ത്യ ജയിച്ച മത്സരത്തില്‍ ജഡേജയുടെ പങ്ക് ചില്ലറയായിരുന്നില്ല.

ഇതിന് പുറമെ ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡും ജഡേജ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ എക്കാലത്തേയും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനെ മറികടന്നായിരുന്നു ജഡേജ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഹോങ്കോങ് മത്സരത്തിലായിരുന്നു ജഡേജ ഈ സൂപ്പര്‍ നേട്ടം കൈവരിച്ചത്. ഏഷ്യാ കപ്പിന്റെ ആറ് എഡിഷനില്‍ നിന്നുമായി 23 വിക്കറ്റാണ് ജഡ്ഡുവിന്റെ പേരിലുള്ളത്.

സൂപ്പര്‍ ഫോര്‍ മത്സരം ആരംഭിക്കാനിരിക്കെ ജഡേജയുടെ മെഡിക്കല്‍ കണ്ടീഷന്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കകളുണ്ടാക്കുന്നുണ്ട്. ലോകകപ്പിന് മുമ്പ് തന്നെ താരം പൂര്‍ണ ആരോഗ്യവാനായി ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ച സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും താരത്തിന്റെ പുറത്താവല്‍ ഏറെ നിരാശയാണ് സമ്മാനിക്കുന്നത്.

അതേസമയം, സെപ്റ്റംബര്‍ നാലിനാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം.

ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് മുമ്പ് പാകിസ്ഥാനും തിരിച്ചടി നേരിട്ടിരുന്നു. പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ ഷഹനവാസ് ദഹാനി പരിക്കേറ്റ് പുറത്തായതാണ് പാകിസ്ഥാനും തിരിച്ചടിയായത്.

 

Content Highlight:  Ravindra Jadeja will miss T20 World Cup, will undergo knee surgery, Reports