ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി സൂപ്പര്‍ താരം രവീന്ദ്ര ജഡേജ. ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയാണ് ജഡേജ റെക്കോഡ് ബുക്കില്‍ ഇടം പിടിച്ചത്.
ലങ്കക്കെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ലെജന്‍ഡ് ഇര്‍ഫാന്‍ പത്താനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട ജഡേജ ഈ മത്സരത്തിന് പിന്നാലെ പത്താനെ മറികടന്ന് ഒന്നാം സ്ഥാനം ഒറ്റക്ക് നേടുകയായിരുന്നു.
കഴിഞ്ഞ ദിവസം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലങ്കന്‍ നായകന്‍ ദാസുന്‍ ഷണകയെ പുറത്താക്കിയതിന് പിന്നാലെയാണ് ജഡ്ഡുവിനെ തേടി ഈ റെക്കോഡ് നേട്ടമെത്തിയത്. 26ാം ഓവറിലെ ആദ്യ പന്തില്‍ ഷണകയെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചാണ് ജഡേജ മടക്കിയത്.
ശേഷം 38ാം ഓവറില്‍ ധനഞ്ജയ ഡി സില്‍വയെ ശുഭ്മന്‍ ഗില്ലിന്റെ കൈകളിലെത്തിച്ച് പുറത്താക്കിയ ജഡേജ തന്റെ വിക്കറ്റ് നേട്ടം ഉയര്‍ത്തി.
ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍.
രവീന്ദ്ര ജഡേജ – 24
ഇര്‍ഫാന്‍ പത്താന്‍ – 22
കുല്‍ദീപ് യാദവ് – 19
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 17
കപില്‍ ദേവ് – 15
നിലവില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്ന ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ജഡേജയുടെ റെക്കോഡ് നേട്ടത്തിന് ഭീഷണിയാണ്. കഴിഞ്ഞ രണ്ട് മത്സരത്തില്‍ നിന്നുമായി ഒമ്പത് വിക്കറ്റാണ് താരം നേടിയത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നാല് വിക്കറ്റാണ് കുല്‍ദീപ് യാദവ് വീഴ്ത്തിയത്. സധീര സമരവിക്രമ, ചരിത് അസലങ്ക, കാസുന്‍ രജിത, മതീശ പതിരാന എന്നിവരായിരുന്നു കുല്‍ദീപിന് മുമ്പില്‍ വീണത്.
ഈ പ്രകടനത്തിന് പിന്നാലെ കുല്‍ദീപ് യാദവും റെക്കോഡ് ബുക്കില്‍ ഇടം നേടിയിരുന്നു. ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ 150 വിക്കറ്റ് നേടിയ സ്പിന്നര്‍ എന്ന നേട്ടമാണ് കുല്‍ദീപ് സ്വന്തമാക്കിയത്.
തന്റെ 88ാം മത്സരത്തിലാണ് കുല്‍ദീപ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ മറികടന്നുകൊണ്ടായിരുന്നു കുല്‍ദീപിന്റെ വിക്കറ്റ് നേട്ടം. 106 മത്സരത്തില്‍ നിന്നാണ് കുംബ്ലെ ഈ നേട്ടം സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ സ്പിന്നര്‍ എന്ന നേട്ടവും ഇതോടെ കുല്‍ദീപിന്റെ പേരിലായി.