ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനെ ഇന്ത്യ ആദ്യ ദിനം തന്നെ പുറത്താക്കിയിരിക്കുകയാണ്. 65.4 ഓവറില്‍ 235 റണ്‍സിനാണ് ഇന്ത്യ കിവീസിനെ തകര്‍ത്തത്. നിലവില്‍ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ വെറും 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് നേടിയത്.
ആദ്യ ദിനം അവസാനിക്കാനിരിക്കെ തുടരെ വിക്കറ്റുകള്‍ നല്‍കിയ ഇന്ത്യയെ നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. നിര്‍ണായകമായ അവസാന ടെസ്റ്റിലും ഇന്ത്യയുടെ മോശം പ്രകടനം ആരാധകരെയും നിരാശപ്പെടുത്തി. മത്സര ശേഷം ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ സംസാരിച്ചിരുന്നു. ക്രിക്കറ്റില്‍ ഇങ്ങനെ സംഭവിക്കുമെന്നും ടീം ഗെയിം എന്ന നിലയില്‍ എല്ലാവരും പരിശ്രമിക്കുമെന്നുമാണ് താരം പറഞ്ഞത്.
’10 മിനിറ്റിനുള്ളില്‍ എല്ലാം മാറിമറിഞ്ഞു. ഇതൊരു ടീം ഗെയിമാണ്, നിങ്ങള്‍ക്ക് ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. ക്രിക്കറ്റില്‍ ഇത് സംഭവിക്കുന്നതാണ്. എല്ലാവരും ചെറിയ തെറ്റുകള്‍ വരുത്തുന്നു. ശേഷിക്കുന്ന ബാറ്റര്‍മാര്‍ മികച്ച പാര്‍ടനര്‍ഷിപ്പ് ഉണ്ടാക്കേണ്ടിവരും. രണ്ടാം ഇന്നിങ്സിന് വേണ്ടി ബാറ്റര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടി വരും.
നിങ്ങള്‍ 0-2 ന് പിറകിലായത് പരിഭ്രാന്തരാവാന്‍ കാരണമായി, അതിനാല്‍ നിങ്ങള്‍ ഒരു തെറ്റ് ചെയ്തുവെന്ന് ആളുകള്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ 2-0 ന് മുന്നിട്ടുനില്‍ക്കുമ്പോള്‍, അത് സംഭവിക്കുമെന്നും അവര്‍ പറയുന്നു. ഒരു ടീം ഗെയിമില്‍ നിങ്ങള്‍ തെറ്റുകള്‍ വരുത്തും. ശേഷിക്കുന്ന ബാറ്റര്‍മാര്‍ ന്യൂസിലന്‍ഡിന്റെ ടോട്ടലിന് അടുത്തെത്താനോ ലീഡ് നേടാനോ കഴിയുന്നിടത്തോളം ബാറ്റ് ചെയ്യാന്‍ ശ്രമിക്കും,’ രവീന്ദ്ര ജഡേജ മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് കിവീസ് നല്‍കിയത്. മുന്‍ നിര ബാറ്റര്‍മാരായ യശസ്വി ജെയ്സ്വാള്‍ (30), രോഹിത് ശര്‍മ (18), മുഹമ്മദ് സിറാജ് (0), വിരാട് കോഹ്ലി (4 റണ്‍ ഔട്ട്) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. മാത്രമല്ല ടെയില്‍ എന്‍ഡില്‍ ബാറ്റ് ചെയ്യേണ്ട മുഹമ്മദ് സിറാജിനെ നാലാമനായി കൊണ്ടുവന്ന മണ്ടന്‍ ആശയവും ഇന്ത്യയ്ക്ക് സ്ഥിരത നല്‍കിയില്ല.
ആദ്യ ഇന്നിങ്‌സില്‍ ജഡേജയും വാഷിങ്ടണ്‍ സുന്ദറും നടത്തിയ ബൗളിങ് പ്രകടനം
രവീന്ദ്ര ജഡേജയുടേയും വാഷിങ്ടണ്‍ സുന്ദറിന്റെയും മിന്നും പ്രകടനത്തിലാണ് ഇന്ത്യ കിവികളെ തകര്‍ത്തത്. സുന്ദര്‍ രണ്ട് മെയ്ഡന്‍ അടക്കം 81 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഒരു മെയ്ഡന്‍ അടക്കം 65 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്. വില്‍ യങ് (71), ടോം ബ്ലണ്ടല്‍ (0), ഗ്ലെന്‍ ഫിലിപ്‌സ് (17), ഇഷ് സോധി (7), മാറ്റ് ഹെന്റി (0) എന്നിവരുടെ വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്.
മത്സരത്തില്‍ ആകാശ് ദീപ് ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റ് നേടിയാണ് ഇന്ത്യയ്ക്ക് വേണ്ടി വേട്ട ആരംഭിച്ചത്. കിവീസ് നിരയില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് 82 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ്.
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് ശുഭ്മന്‍ ഗില്ലും (31), റിഷബ് പന്തുമാണ് (1). അടുത്ത ദിനത്തില്‍ ഇന്ത്യ മികച്ച പ്രതിരോധം തീര്‍ത്ത് ലീഡ് ഉയര്‍ത്തിയില്ലെങ്കില്‍ വീണ്ടും ഇന്ത്യ നാണംകെടുമെന്നത് ഉറപ്പാണ്.
Content Highlight: Ravindra Jadeja Talking About Indian VS New Zealand Final Test Match