മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച സ്പിന്നറും ലോകക്രിക്കറ്റിലെ ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമനുമാണ് രവീന്ദ്ര ജഡേജയെന്ന ജഡ്ഡു. 2019 ഐ.സി.സി വേള്‍ഡ് കപ്പ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ ടീമില്‍ റൊട്ടേഷന്‍ ആരംഭിച്ചപ്പോള്‍ താരം ടീമിനു പുറത്തായിരിക്കുകയാണ്.
കളത്തിനു പുറത്ത് നില്‍ക്കുന്ന യുവതാരങ്ങളെ പരീക്ഷിക്കുന്നതിനും മികച്ച കോമ്പിനേഷന്‍ ഒരുക്കുന്നതിനും വേണ്ടിയാണ് ബി.സി.സി.ഐ ടീമില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ഇതോടെ ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ബോളര്‍മാരായ രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും ഓസീസിനെതിരെയും ന്യൂസിലാന്‍ഡിനെതിരെയുമുള്ള പരമ്പരകള്‍ നഷ്ടമാവുകയും ചെയ്തു.
യൂസവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് തുടങ്ങിയ യുവതാരങ്ങളുടെ മികച്ച പ്രകടനമാണ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ജഡേജയും അശ്വിനും തഴയപ്പെടാന്‍ കാരണമായത്. ടീമില്‍ നിന്നും തഴയപ്പെട്ടതിനു പിന്നാലെയാണ് ജഡേജയ്ക്ക് ഐ.സി.സിയുടെ 2016 ലോക ഏകദിന ടീമിലെ അംഗത്തിനുള്ള ക്യാപ്പ് ലഭിച്ചത്.
ദേശീയ ടീമില്‍ നിന്നു പുറത്താക്കപ്പെട്ട നിമിഷത്തില്‍ അന്തര്‍ദേശീയ ഇലവനിലേക്ക് പ്രവേശനം ലഭിച്ചത് താരം ശരിക്കും ആഘോഷിക്കുകയാണ്. ഐ.സി.സി ഇലവന്റെ ക്യാപ്പ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് താരം ബി.സി.സിയ്ക്കുള്ള മറുപടി നല്‍കിയത്.
“2016 ലെ ഐ.സി.സി ഏകദിന ടീമില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു” എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.instagram.com/p/BaoACXGFbfv/