ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പര വിജയത്തോടെയാണ് ഇന്ത്യ ആരംഭിച്ചത്. ബൗളര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും വിന്‍ഡീസിനെ കറക്കി വീഴ്ത്തുകയായിരുന്നു. കുല്‍ദീപ് യാദവ് രണ്ട് മെയ്ഡന്‍ അടക്കം മൂന്ന് ഓവര്‍ പന്തെറിഞ്ഞ് ആറ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ ആറ് ഓവറില്‍ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കിയിരുന്നു.
കുല്‍ദീപും ജഡേജയും ചേര്‍ന്ന് ഏഴ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, ഷര്‍ദുല്‍ താക്കൂര്‍, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
വിന്‍ഡീസിനെതിരെ മൂന്ന് വിക്കറ്റ് നേട്ടം കൈവരിച്ചതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ജഡേജ സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ജഡേജ സ്വന്തമാക്കിയത്.
ബാര്‍ബഡോസ് ഏകദിനത്തിന് മുമ്പ് പട്ടികയില്‍ ഇന്ത്യന്‍ ലെജന്‍ഡ് അനില്‍ കുംബ്ലെക്കൊപ്പം രണ്ടാം സ്ഥാനത്തായിരുന്ന ജഡേജ ഈ മത്സരത്തിന് പിന്നാലെ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിനെ മറികടന്നുകൊണ്ടാണ് ജഡ്ഡു ഒന്നാമതെത്തിയത്.