ചരിത്രം കുറിച്ച് ജഡ്ഡു; ഈ ലോകകപ്പില്‍ വീണ്ടും തോറ്റ് കുംബ്ലെ
icc world cup
ചരിത്രം കുറിച്ച് ജഡ്ഡു; ഈ ലോകകപ്പില്‍ വീണ്ടും തോറ്റ് കുംബ്ലെ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th November 2023, 8:33 am

2023 ലോകകപ്പിലെ ഇന്ത്യയുടെ അവസാന ലീഗ് ഘട്ട മത്സരത്തില്‍ ചരിത്രം കുറിച്ച് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. കഴിഞ്ഞ ദിവസം നെതര്‍ലന്‍ഡ്‌സിനെതിരെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയതോടെയാണ് ജഡേജ ഇതിഹാസ നേട്ടം സ്വന്തമാക്കിയത്.

ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ സ്പിന്നര്‍ എന്ന ഐതിഹാസിക നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. ഇന്ത്യന്‍ ലെജന്‍ഡ് അനില്‍ കുംബ്ലെയുടെ റെക്കോഡ് മറികടന്നാണ് ജഡ്ഡു റെക്കോഡ് നേട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

നെതര്‍ലന്‍ഡ്‌സ് ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍ വാന്‍ ഡെര്‍ മെര്‍വിനെ പുറത്താക്കിയതോടെയാണ് ജഡേജ ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്. ഈ ലോകകപ്പില്‍ ജഡേജയുടെ 16ാം ഇരയായാണ് മെര്‍വ് പുറത്തായത്.

15 വിക്കറ്റ് നേട്ടവുമായി അനില്‍ കുംബ്ലെയായിരുന്നു ഇതിന് മുമ്പ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ 14 വിക്കറ്റായിരുന്നു ജഡേജയുടെ പേരിലുണ്ടായിരുന്നത്. ഓപ്പണര്‍ മാക്‌സ് ഒ ഡൗഡിനെ പുറത്താക്കി കുംബ്ലെയുടെ റെക്കോഡിനൊപ്പമെത്തിയ ജഡേജ മെര്‍വിനെ പുറത്താക്കിയതോടെ ഇതിഹാസ താരത്തെ മറികടക്കുകയും ചെയ്തു.

ഒരു ലോകകപ്പ് എഡിഷനില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍

(താരം – വിക്കറ്റ് – വര്‍ഷം എന്നീ ക്രമത്തില്‍)

രവീന്ദ്ര ജഡേജ – 16 – 2023

അനില്‍ കുംബ്ലെ – 15 – 1996

യുവരാജ് സിങ് – 15 – 2011

കുല്‍ദീപ് യാദവ് – 14 – 2023

കുല്‍ദീപ് യാദവും കഴിഞ്ഞ മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയിരുന്നു. സെമി ഫൈനല്‍ മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയാല്‍ യുവരാജിനും കുംബ്ലെക്കും ഒപ്പമെത്താനും മറ്റൊരു വിക്കറ്റ് കൂടി നേടിയാല്‍ ഇരുവരെയും മറികടക്കാനും കുല്‍ദീപിന് സാധിക്കും.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 160 റണ്‍സിന് വിജയിച്ചാണ് ഇന്ത്യ 2023 ലോകകപ്പിലെ ആദ്യ ഒമ്പത് മത്സരത്തിലും പരാജയമറിയാതെ മുമ്പോട്ട് കുതിക്കുന്നത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഉയര്‍ത്തിയ 411 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 250 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ഇന്ത്യക്കായി ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി. നെതര്‍ലന്‍ഡ്‌സിനായി ഇന്ത്യന്‍ വംശജന്‍ തേജ നിദാമാനുരു അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

 

Content Highlight: Ravindra Jadeja surpasses Anil Kumble