2011ലെ ലോകകപ്പ് ഏതൊരു ക്രിക്കറ്റ് ആരാധകർക്കും മറക്കാനാവാത്ത ഒരുപിടി നല്ല നിമിഷങ്ങൾ നൽകിയ ഒന്നായിരുന്നു.
ഇപ്പോഴിതാ 12 വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പ് കൂടി ഇന്ത്യൻ മണ്ണിൽ എത്തി നിൽക്കുമ്പോൾ ധോണിയുടെ കീഴിലുള്ള 2011ലെ അവിസ്മരണീയമായ വിജയത്തിന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ.
ചെന്നൈ സൂപ്പർ കിങ്സ് ടീം അംഗങ്ങൾക്ക് ഒപ്പം ലോകകപ്പ് ഫൈനൽ കണ്ടതും ആ മത്സരത്തിലുള്ള ഓർമ്മകൾ ഇപ്പോഴും പുതുമയുള്ളതാണെന്നും ജഡേജ പങ്കുവെച്ചു.
‘ഞങ്ങൾക്ക് ഫൈനൽ ദിവസം ഐ.പി.എല്ലിന് മുന്നോടിയായുള്ള പരിശീലനം ഉണ്ടായിരുന്നു. എന്നാൽ ഫൈനൽ ഉണ്ടായതിനാൽ പരിശീലനം ഒഴിവാക്കുകയും ഞാനും സഹതാരങ്ങളും മുറിയിൽ ഇരുന്ന് കളി കാണുകയുമാണ് ചെയ്തത്. ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ നേരത്തെ വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായപ്പോൾ ഞങ്ങളെല്ലാവരും ഒന്ന് പേടിച്ചു.
എന്നാൽ ധോണിയും ഗംഭീറും കളിയുടെ ഗതി മാറ്റി. ആ രാത്രിയിലെ എല്ലാ കാര്യങ്ങളും ഞാൻ ഇപ്പോഴും ഓർക്കുന്നു. ആ ദിവസം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാൻ കഴിയില്ല. മറ്റൊരു ലോകകപ്പ് കൂടി ഇന്ത്യൻ മണ്ണിൽ നടക്കുമ്പോൾ ഇന്ത്യ കിരീടം ചൂടുമെന്ന് ആരാധകർ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്,’ ജഡേജ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
രോഹിത് ശർമക്ക് കീഴിൽ ഒരു പിടി മികച്ച താരങ്ങളുമായാണ് ഇന്ത്യ സ്വന്തം തട്ടകത്തിൽ കിരീട പോരാട്ടത്തിനിറങ്ങുന്നത്. ധോണിക്ക് ശേഷം ലോക കിരീടം രോഹിത്തും സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ലോകകപ്പിൽ ഒക്ടോബർ എട്ടിന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Content Highlight: Ravindra jadeja share the memories of 2011