ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ ആദ്യദിവസം അവസാനിച്ചിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 326 റൺസിന് അഞ്ച് വിക്കറ്റുകള്‍ എന്ന നിലയിലാണ്.
മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ നടത്തിയത്. 212 പന്തില്‍ പുറത്താവാതെ 110 റണ്‍സ് ആണ് ജഡേജ നേടിയത്. ഒമ്പത് ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടറെ തേടിയെത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 3000 റണ്‍സ് എന്ന പുതിയ നാഴികക്കല്ലിലേക്കാണ് ജഡേജ നടന്നുകയറിയത്. 69 ടെസ്റ്റ് മത്സരങ്ങളില്‍ 102 ഇന്നിങ്‌സില്‍ നിന്നുമാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്.
ജഡേജക്ക് പുറമേ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 196 പന്തില്‍ 131 റണ്‍സാണ് രോഹിത് നേടിയത്. 14 ഫോറുകളും മൂന്ന് സിക്‌സുകളുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.
സര്‍ഫറാസ് ഖാനും തന്റെ അരങ്ങേറ്റം മത്സരത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. 66 പന്തില്‍ 62 റണ്‍സ് നേടി കൊണ്ടായിരുന്നു സര്‍ഫറാസിന്റെ മികച്ച പ്രകടനം. ഒമ്പത് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്.
ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റും ടോം ഹാര്‍ട്ട്‌ലി ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
Content Highlight: Ravindra Jadeja score century against England