| Thursday, 19th October 2023, 5:54 pm

ആ മെഡല്‍ മറ്റൊരുത്തനും മോഹിക്കേണ്ട എന്ന് ഉറപ്പിച്ച സെലിബ്രേഷന്‍; സൂപ്പര്‍മാനായി സര്‍ ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ നാലാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. ഇതിനോടകം 200 റണ്‍സ് പൂര്‍ത്തിയാക്കിയ ബംഗ്ലാദേശ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനുള്ള ശ്രമമാണ്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനായി ഓപ്പണര്‍മാര്‍ ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. സൂപ്പര്‍ താരം ലിട്ടണ്‍ ദാസ് 82 പന്തില്‍ 66 റണ്‍സ് നേടിയപ്പോള്‍ 43 പന്തില്‍ 51 റണ്‍സാണ് തന്‍സിദ് ഹസന്‍ ടോട്ടലിലേക്ക് സംഭാവന നല്‍കിയത്.

പിന്നാലെയെത്തിയവര്‍ക്കൊന്നും കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മിഡില്‍ ഓര്‍ഡറില്‍ സൂപ്പര്‍ താരം മുഷ്ഫിഖര്‍ റഹീം സ്‌കോര്‍ ഉയര്‍ത്തി. സമ്മര്‍ദ ഘട്ടത്തില്‍  ബാറ്റ് വീശിയ റഹീം ബംഗ്ലാ സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

എന്നാല്‍ 43ാം ഓവറിലെ മൂന്നാം പന്തില്‍ നേരിട്ട 46ാം പന്തില്‍ 38 റണ്‍സ് നേടി റഹീം പുറത്തായി. ജസ്പ്രീത് ബുംറയുടെ സ്ലോ ഡെലിവെറിയില്‍ രവീന്ദ്ര ജഡേജയുടെ കൈകളിലൊതുങ്ങിയാണ് റഹീം പുറത്തായത്.

ഇന്ത്യന്‍ നിരയിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് എന്ന് അടിവരയിടുന്നതായിരുന്നു ജഡേജയുടെ ആ തകര്‍പ്പന്‍ ക്യാച്ച്. സൂപ്പര്‍ മാനെ പോലെ ഡൈവ് ചെയ്താണ് താരം ആ ക്യാച്ച് പൂര്‍ത്തിയാക്കിയത്.

ഈ ക്യാച്ചിന് ശേഷമുള്ള ജഡേജയുടെ സെലിബ്രേഷനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ക്യാച്ചെടുത്ത ശേഷം സ്വയം മെഡല്‍ അണിയുന്ന രീതിയിലാണ് ജഡേജ ഈ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ഓരോ മത്സരത്തിലെയും മികച്ച ഫീല്‍ഡര്‍മാര്‍ക്ക് ഇന്ത്യന്‍ ടീം നല്‍കുന്ന മെഡലിനെ ഉദ്ദേശിച്ചുകൊണ്ടാണ് ജഡ്ഡു ഇത്തരത്തില്‍ ആഘോഷിച്ചതെന്ന് വ്യക്തമാണ്.

സംഭവത്തിന്‍ന്റെ വീഡിയോയും ചിത്രങ്ങളും വൈറലാവുകയാണ്.

അതേസമയം, 45 ഓവര്‍ പിന്നിടുമ്പോള്‍ ബംഗ്ലാദേശ് 210 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ്. 23 പന്തില്‍ 19 റണ്‍സുമായി മഹ്മദുള്ളയും 11 പന്തില്‍ നാല് റണ്‍സുമായി നാസും അഹമ്മദുമാണ് ക്രീസില്‍.

Content Highlight: Ravindra Jadeja’s wicket celebration goes viral

Latest Stories

We use cookies to give you the best possible experience. Learn more