ന്യൂദല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന റോഡ് ഷോയുടെ പ്രചരണ പോസ്റ്ററില്‍ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയണിഞ്ഞ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഫോട്ടോ.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്ന ജഡേജയുടെ ഭാര്യ റിവബയുടെ പ്രചരണത്തിനായി ഉപയോഗിക്കുന്ന ട്വിറ്റര്‍ ഹാന്ഡിലിലാണ് ഷോയുടെ പോസ്റ്റര്‍ പങ്കുവെച്ചത്.
ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന ജഡേജയുടെ ചിത്രം ബി.ജെ.പി പോസ്റ്ററില്‍ ഉപയോഗിച്ചത് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
‘എന്തിനാണ് ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി ബി.ജെ.പി ക്യാമ്പെയ്‌നിന് വേണ്ടി ഉപയോഗിക്കുന്നത്? ബി.സി.സി.ഐ ആണോ റോഡ് ഷോ സ്‌പോണ്‍സര്‍ ചെയ്തത്,’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ചോദിച്ചത്.
Why is Team India’s jersey used for a BJP campaign?
Is @BCCI sponsoring the road show? 🤔 https://t.co/HN65eU0PxZ
അതേസമയം, ഗുജറാത്തിലെ ജാംനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍നിന്നാണ് ജഡേജയുടെ ഭാര്യ റിവബ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നത്. റിവബയുടെ പാര്‍ട്ടി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ച ജഡേജയും നേരിട്ടെത്തിയിരുന്നു.
ഭാര്യക്ക് സീറ്റ് നല്‍കിയതിന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ജഡേജ നന്ദി പറഞ്ഞിരുന്നു. ‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റ് ലഭിച്ച എന്റെ ഭാര്യയ്ക്ക് അഭിനന്ദനങ്ങള്‍. നിന്റെ കഠിനാധ്വാനത്തിലും പരിശ്രമങ്ങളിലും ഏറെ അഭിമാനമുണ്ട്. എല്ലാ ആശംസകളും നേരുന്നു. സമൂഹത്തിന്റെ പുരോഗമനത്തിനായി തുടര്‍ന്നു പ്രവര്‍ത്തിക്കാനാകട്ടെ,’ എന്നാണ് ജഡേജ ട്വീറ്റ് ചെയ്തത്.
റിവബയുടെ കഴിവില്‍ വിശ്വസിച്ച് വിശുദ്ധമായൊരു ദൗത്യത്തിനായി അവള്‍ക്ക് അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും താരം പറഞ്ഞിരുന്നു.
2019ലാണ് ഗുജറാത്തിലെ ഭരണകക്ഷിയായ ബി.ജെ.പിയില്‍ റിവാബ അംഗമാകുന്നത്. ജാംനഗര്‍ നോര്‍ത്ത് സീറ്റില്‍ നിന്ന് നിലവിലെ എം.എല്‍.എ ധര്‍മേന്ദ്ര സിങ് മേരുഭയെ മാറ്റിയാണ് ബി.ജെ.പി റിവാബ ജഡേജയ്ക്ക് അവസരം നല്‍കിയത്.
Content Highlight: Ravindra Jadeja’s Photo BJP Poster Wearing Indian Jersey