ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിംഗ്‌സ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കന്‍ ബൗളര്‍മാരെ തച്ചുതകര്‍ത്ത് ഇന്ത്യ 574 റണ്‍സ് എന്ന റണ്‍മലയാണ് എതിരാളികള്‍ക്ക് മുന്നില്‍ വെച്ചത്.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അണ്‍ബീറ്റബിള്‍ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് കരുത്തായത്. പുറത്താകാതെ 175 റണ്‍സാണ് ജഡ്ഡു ഇന്ത്യയുടെ ടീം സ്‌കോറിലേക്ക് സംഭാവന ചെയ്തത്.
ബാറ്റുകൊണ്ട് മാത്രമല്ല, പന്തുകൊണ്ടും താരം തന്റെ മാന്ത്രികത പുറത്തെടുത്തിരുന്നു. എണ്ണം പറഞ്ഞ അഞ്ച് ശ്രീലങ്കന്‍ വിക്കറ്റുകള്‍ പിഴുതാണ് ഇന്ത്യയുടെ മോസ്റ്റ് ഡിപ്പന്‍ന്റബിള്‍ ഓള്‍ റൗണ്ടര്‍ എന്ന സ്ഥാനത്തിന് താന്‍ അര്‍ഹനാണെന്ന വസ്തുത അടിവരയിട്ടുറപ്പിച്ചത്.
ക്യാപ്റ്റന്‍ ദിമിത് കരുണ രത്‌നെ, നിരോഷന്‍ ഡിക്കന്‍വെല്ല, സുരംഗ ലക്മല്‍, വിശ്വ ഫെര്‍ണാണ്ടോ, ലാഹിരു കുമാര എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ഇപ്പോഴിതാ, താരത്തിന്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 2018ല്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലെ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
‘ക്രിക്കറ്റ് കരിയറില്‍ ഏത് റെക്കോഡാണ് സ്വന്തം പേരില്‍ എഴുതി വെക്കാന്‍ ആഗ്രഹിക്കുന്നത്’ എന്ന ചോദ്യത്തിന് ”ടെസ്റ്റിലെ ഒരു ഇന്നിംഗ്‌സില്‍ തന്നെ സെഞ്ച്വറിയും, അഞ്ച് വിക്കറ്റുകളും സ്വന്തമാക്കണം’ എന്നാണ് താരം മറുപടി പറയുന്നത്.
ശ്രീലങ്കയുമായി നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റും 175 റണ്‍സും സ്വന്തമാക്കി താരം ആ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ്.
അതേസമയം, ശ്രീലങ്ക വമ്പന്‍ പരാജയത്തിന്റെ വക്കിലാണ്. ആദ്യ ഇന്നിംഗ്‌സില്‍ തന്നെ 65 ആവറില്‍ 174 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശ്രീലങ്ക ഓള്‍ ഔട്ടായിരുന്നു.
61 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന പുതും നിസംഗ മാത്രമാണ് ചെറുത്തു നിന്നത്. രണ്ട് ബാറ്റര്‍മാര്‍ ഒറ്റയക്കം മാത്രം സ്വന്തമാക്കി പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ശ്രീലങ്കന്‍ നിരയിലെ നാല് പേര്‍ ‘സംപൂജ്യരായാണ്’ മടങ്ങിയത്.
ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കാനാവാതെ വീണ്ടും ബാറ്റിംഗിനിറങ്ങിയിട്ടും സിംഹള താരങ്ങള്‍ക്ക് താളം കണ്ടെത്താനായിട്ടില്ല. 44.3 ഓവര്‍ പിന്നിടുമ്പോള്‍ 137 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയിലാണ് ശ്രീലങ്ക. ഏഴ് വിക്കറ്റുകളില്‍ മൂന്നും പിഴുതത് ജഡേജയുമാണ്.
നിലവില്‍ അവസ്ഥയില്‍ 99 ശതമാനം ജയസാധ്യതയാണ് ഇന്ത്യയ്ക്ക് കല്‍പിക്കുന്നത്. 0.5 ശതമാനം ശ്രീലങ്കയ്ക്കും, 0.5 ശതമാനം സമനിലയ്ക്കുമാണ് സാധ്യത കല്‍പിക്കുന്നത്.