ഒറ്റ ഡെലിവെറിയില്‍ രണ്ട് പേര്‍ 'പുറത്ത്', മുറിവില്‍ മുളക് തേച്ച് ജഡ്ഡു; കണ്ണുതള്ളി ആരാധകര്‍
IPL
ഒറ്റ ഡെലിവെറിയില്‍ രണ്ട് പേര്‍ 'പുറത്ത്', മുറിവില്‍ മുളക് തേച്ച് ജഡ്ഡു; കണ്ണുതള്ളി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th April 2023, 6:53 pm

ഐ.പി.എല്‍ 2023ലെ 41ാം മത്സരം ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ വെച്ച് നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. 52 പന്തില്‍ നിന്നും 92 റണ്‍സടിച്ച ഡെവോണ്‍ കോണ്‍വേയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തിലാണ് സൂപ്പര്‍ കിങ്‌സ് 200 എന്ന മികച്ച സ്‌കോറിലേക്കുയര്‍ന്നത്.

ചെന്നൈ ഉയര്‍ത്തിയ 201 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് പഞ്ചാബ്. നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ 112ന് മൂന്ന് എന്ന നിലയിലാണ് പഞ്ചാബ് സിംഹങ്ങള്‍.\

പഞ്ചാബിന്റെ മൂന്നാം വിക്കറ്റായി യുവതാരം അഥര്‍വ തായ്‌ദെ ആണ് പുറത്തായത്. സൂപ്പര്‍ താരം രവീന്ദ്ര ജഡേജയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായാണ് താരം മടങ്ങിയത്.

എന്നാല്‍ ആ പന്തില്‍ തന്നെ രവീന്ദ്ര ജഡേജ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ലിയാം ലിവിങ്‌സ്റ്റണെയും ‘പുറത്താക്കിയിരുന്നു’.

താരം ക്യാച്ചെടുത്ത് പൂര്‍ത്തിയാക്കുമ്പോള്‍ നോണ്‍ സ്‌ട്രൈക്കറായ ലിവിങ്‌സ്റ്റണ്‍ ക്രീസിന് വെളിയിലായിരുന്നു. ഈ സമയം പന്ത് താഴെയിടുന്നതായി കാണിക്കുകയും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ബെയ്ല്‍സ് തട്ടുകയുമായിരുന്നു.

ഒരു പന്തില്‍ തന്നെ രണ്ട് പേരെയും ‘പുറത്താക്കിയ’ ജഡ്ഡു 22 യാര്‍ഡ്‌സിനുള്ളില്‍ തന്റെ മൈന്‍ഡ് ഗെയിമും പുറത്തെടുക്കുകയാണ്.

താരത്തിന്റെ ഈ പ്രവൃത്തി കണ്ട സ്റ്റേഡിയത്തിലെ ഒരോരുത്തരും അക്ഷരാര്‍ത്ഥത്തില്‍ അന്തം വിട്ടിരുന്നു. ഹോം സ്‌റ്റേഡിയത്തില്‍ മറ്റൊരു തോല്‍വി വഴങ്ങാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത ചെന്നൈ വിജയം തന്നെയാണ് ലക്ഷ്യം വെക്കുന്നത്.

 

Content highlight: Ravindra Jadeja’s mind games against Punjab Kings