രവിചന്ദ്ര അശ്വിന്‍ എന്ന കടുകട്ടി സിലബസിന് സ്‌പെഷ്യല്‍ കോച്ചിങ്ങിനും ട്യൂഷനും പോയി കഷ്ടപ്പെട്ടു പഠിച്ച ഓസ്ട്രേലിയയോട് പരീക്ഷക്ക് ചോദിച്ച ചോദ്യം എങ്ങനെ രവീന്ദ്ര ജഡേജയുടെ സ്പിന്‍ തന്ത്രങ്ങളെ നേരിടാം എന്നതായിരുന്നു. അപ്രധാനമെന്ന് കരുതി ഒഴിവാക്കി വിട്ട ഈ ഭാഗം തന്നെ ഓസീസിന് പരീക്ഷക്ക് തോല്‍ക്കാനുള്ള വക ഒരുക്കിയിരിക്കുകയാണ്.
ഇന്ത്യ-ഓസ്ട്രേലിയ ആദ്യ പരമ്പരയില്‍ മോശം തുടക്കത്തില്‍ നിന്നും കരകയറി വന്ന ഓസീസിന്റെ പ്രതീക്ഷകളെ വീണ്ടും അസ്ഥാനത്താക്കിയാണ് രവീന്ദ്ര ജഡേജ നാഗ്പൂരില്‍ തിളങ്ങുന്നത്.
സ്പിന്നിനെ തുണക്കുന്ന വിദര്‍ഭയിലെ പിച്ചിന്റെ സകല ആനുകൂല്യങ്ങളും ജഡേജ മുതലാക്കിയപ്പോള്‍ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ വിക്കറ്റുകള്‍ വീണു. ക്രീസില്‍ നിലയുറപ്പിച്ചവനേയും ക്രിസിലേക്ക് കാലെടുത്ത് വെച്ചവനേയും തൊട്ടടുത്ത പന്തുകളില്‍ പുറത്താക്കിയ ജഡേജ സ്റ്റീവ് സ്മിത് എന്ന ഓസീസിന്റെ പ്രതീക്ഷയെയും തല്ലിക്കൊഴിച്ചു.
ഇന്നിങ്സിന്റെ തുടക്കത്തില്‍ ശാന്തനായിരുന്നു ജഡേജ. വിക്കറ്റുകള്‍ക്കായി പോകാതെ പിച്ചിന്റെ സ്വഭാവം മനസിലാക്കി പന്തെറിഞ്ഞുകൊണ്ടിരുന്നു. ലഞ്ചിന് മുമ്പ് മെയ്ഡനുകളിലൂടെയാണ് താരം ഓസീസിനെ കുഴപ്പിച്ചതെങ്കില്‍ ലഞ്ചിന് ശേഷം വിക്കറ്റുകള്‍ വീഴ്ത്തിയും സന്ദര്‍ശകരെ ഞെട്ടിച്ചു.
36ാം ഓവറില്‍ സൂപ്പര്‍ താരം മാര്‍നസ് ലബുഷാനെ അര്‍ധ സെഞ്ച്വറി തികയ്ക്കാന്‍ സമ്മതിക്കാതെ പുറത്താക്കിയാണ് ജഡേജ തുടങ്ങിയത്. വമ്പന്‍ തകര്‍ച്ചയില്‍ നിന്നും ഓസീസിനെ കൈപിടിച്ചുയര്‍ത്തിയ ലബുഷാനെ 49ല്‍ നില്‍ക്കവെ ജഡ്ഡു മടക്കി. വിക്കറ്റിന് പുറകില്‍ എസ്. ഭരത്തിനൊപ്പം നടത്തിയ ആ മിന്നും നീക്കം ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.
ലബുഷാന്‍ പുറത്തായതിന്റെ ഞെട്ടലില്‍ നിന്നും അടുത്ത ഞെട്ടലിലേക്കായിരുന്നു ജഡേജ ഓസീസ് ആരാധകരെ കൊണ്ടുചെന്നെത്തിച്ചത്. തൊട്ടടുത്ത പന്തില്‍ തന്നെ മാറ്റ് റെന്‍ഷോയെ ഗോള്‍ഡന്‍ ഡക്കാക്കിയായിരുന്നു ജഡ്ഡു മടക്കിയത്.
42ാം ഓവറിലും ജഡേജ തന്റെ മാജിക് കാണിച്ചു. തുടര്‍ച്ചയായി രണ്ട് പന്ത് ഡിഫന്‍ഡ് ചെയ്ത സ്മിത് പോലും ആ ഓവറിന്റെ അവസാന പന്തില്‍ അത്തരമൊരു അപകടം മണത്തുകാണില്ല. സ്റ്റീവ് സ്മിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കി ഓസീസിന് ജഡേജയുടെ വക അടുത്ത ഷോക്ക് ട്രീറ്റ്മെന്റ്.
That 𝐌𝐎𝐌𝐄𝐍𝐓 when @imjadeja let one through Steve Smith’s defence! 👌👌
Follow the match ▶️ https://t.co/SwTGoyHfZx #TeamIndia | #INDvAUS | @mastercardindia pic.twitter.com/Lj5j7pHZi3
— BCCI (@BCCI) February 9, 2023
ഇതിന് പുറമെ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിനെയും ടോഡ് മർഫിയെയും മടക്കി ജഡേജ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കി.
എട്ട് മെയ്ഡനടക്കം 22 ഓവര്‍ പന്തെറിഞ്ഞ് 47 റണ്‍സിന് അഞ്ച് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്.
That’s a 5-wicket haul for @imjadeja 💥🫡🔥
His 11th in Test cricket.
Live – https://t.co/edMqDi4dkU #INDvAUS @mastercardindia pic.twitter.com/Iva1GIljzt
— BCCI (@BCCI) February 9, 2023
ആര്‍. അശ്വിന്റെ ബൗളിങ് ആക്ഷനോട് സാമ്യമുള്ള ഒരാളെ കണ്ടെത്തി നെറ്റ്സില്‍ പ്രാക്ടീസ് ചെയ്ത ഓസീസിന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ജഡേജ നല്‍കിയിരിക്കുന്നത്.
പരിക്കിന്റെ പിടിയില്‍ നിന്നും മുക്തനായി മടങ്ങിയെത്തിയ ജഡേജ തന്റെ കരീസ്മക്ക് ഒരു മങ്ങലുമേറ്റിട്ടില്ലെന്ന് രഞ്ജി ട്രോഫിയില്‍ തെളിയിച്ചതാണ്. അതേ പ്രകടനം തന്നെയാണ് അന്താരാഷ്ട്ര മത്സരത്തിലും താരം ആവര്‍ത്തിക്കുന്നത്.
തമിഴ്‌നാടിനെതിരെ സൗരാഷ്ട്രക്കായി പന്തെറിഞ്ഞാണ് തന്റെ പ്രതിഭക്ക് മങ്ങലേറ്റിട്ടില്ല എന്ന കാര്യം ആരാധകരെ ഒന്നുകൂടി ഓര്‍മപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ 53 റണ്‍സിന് ഏഴ് വിക്കറ്റുകളാണ് ജഡ്ഡു പിഴുതെറിഞ്ഞത്.
മൂന്നാമന്‍ ഷാരൂഖ് ഖാനെ പുറത്താക്കി തുടങ്ങിയ വിക്കറ്റ് വേട്ട ബാബ ഇന്ദ്രജിത്തിനെയും ബാബ അപരജിത്തിനെയും കടന്ന് സന്ദീപ് വാര്യറിലാണ് അവസാനിപ്പിച്ചത്.
ഇപ്പോള്‍ ചില്ലറയൊന്നുമല്ല താരത്തിന്റെ ഫോം ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും ലക്ഷ്യം വെക്കുന്ന ഇന്ത്യക്ക് ജഡേജയുടെ പ്രകടനം മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്.
Content highlight: Ravindra Jadeja’s incredible spell in Border Gavaskar trophy