ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് മത്സരത്തില്‍ റിഷബ് പന്തിനെ എന്തുകൊണ്ട് കളിക്കാന്‍ ഇറക്കിയില്ല എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ് ആരാധകരും മീഡിയയും. മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ ആദ്യ വിജയം കുറിച്ചെങ്കിലും ഈ ചര്‍ച്ചകള്‍ക്ക് ഇനിയും ഒരു അവസാനമായിട്ടില്ല.
ദിനേഷ് കാര്‍ത്തിക്ക്, റിഷബ് പന്ത് എന്നീ രണ്ട് ഓപ്ഷനില്‍ നിന്നും ആരെയാണ് ഇന്ത്യ – പാക് മത്സരത്തില്‍ ഇറക്കുക എന്നറിയാന്‍ ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും വളരെ കൗതുകത്തോടെയാണ് കാത്തിരുന്നത്. ഒരുപാട് പേര്‍ റിഷബ് പന്താണ് കാര്‍ത്തികിനേക്കാള്‍ മികച്ച ഓപ്ഷന്‍ എന്നും വിശ്വസിച്ചിരുന്നു.
എന്നാല്‍ ഇന്ത്യ-പാക് മത്സരത്തിന് ടോസിന് തൊട്ടുമുമ്പാണ് ദിനേഷ് കാര്‍ത്തിക്കിനെയാണ് കീപ്പര്‍ ബാറ്ററായി ഇറക്കുന്നതെന്ന കാര്യം തീരുമാനിച്ചത്. വസീം ജാഫറിനെപ്പോലുള്ള നിരവധിയാളുകള്‍ പന്തിന് പകരം കാര്‍ത്തിക്കിനെ ഇറക്കിയ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ആ മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കാര്‍ത്തിക് വിക്കറ്റിന് പുറകില്‍ നിന്നും മുന്ന് ക്യാച്ചും സ്വന്തമാക്കിയിരുന്നു.
പാകിസ്ഥാനെതിരായ മത്സരത്തിനുള്ള പ്ലെയിംഗ് ഇലവനില്‍ റിഷബ് പന്തിനെ ഉള്‍പ്പെടുത്താതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് വിചിത്രമായ മറുപടിയായിരുന്നു രവീന്ദ്ര ജഡേജയുടെത്. ‘ഇത് സിലബസിന് പുറത്തുള്ള ചോദ്യമാണ്.’എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ആ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറിയത്.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ പാകിസ്ഥാന്‍ ബൗളര്‍ നസീം ഷാ പ്രഹരമേല്‍പിച്ചിരുന്നു.
കെ.എല്‍.രാഹുലിനെ ഗോള്‍ഡന്‍ ഡക്കാക്കിയായിരുന്നു താരം ഇന്ത്യയെ ഞെട്ടിച്ചത്. അതേസമയം, ക്യാപ്റ്റന്‍ രോഹിത്തും വിരാടും ചേര്‍ന്ന് ആങ്കര്‍ ഇന്നിങ്‌സ് കളിച്ച് ഇന്ത്യയെ താങ്ങി നിര്‍ത്തി.
എന്നാല്‍ ഇരുവരെയും പുറത്താക്കി പാകിസ്ഥാന്‍ ബൗളര്‍മാര്‍ മത്സരത്തിലേക്ക് തിരികെ വരാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ ആ ശ്രമം വിഫലമാക്കി.
എന്നാല്‍ പന്തിന്റെ അഭാവത്തില്‍ നാലാമനായി ജഡേജ കളത്തിലിറങ്ങുകയും 29 പന്തുകളില്‍ നിന്നും 35 റണ്‍സ് നേടുകയും ചെയ്തു.