| Wednesday, 24th May 2023, 6:20 pm

അവര്‍ക്ക് മനസിലായി, എന്നിട്ടും ചില ഫാന്‍സുകാര്‍ക്ക് വെളിച്ചം വീണിട്ടില്ല 😂😂; സ്വന്തം ടീമിനെതിരെ ഒളിയമ്പുമായി ജഡ്ഡു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഹോം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനായിരുന്നു റെയ്‌നിങ് ചാമ്പ്യന്‍മാരെ സൂപ്പര്‍ കിങ്‌സ് തകര്‍ത്തുവിട്ടത്.

എന്നത്തേയും പോലെ ഋതുരാജ് ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവും രവീന്ദ്ര ജഡേജയുടെ ഓള്‍ റൗണ്ട് മികവുമാണ് ചെന്നൈക്ക് വിജയം നേടിക്കൊടുത്തത്. ഈ പ്രകടനത്തിന് പിന്നാലെ മത്സരത്തിന്റെ താരമായി ഗെയ്ക്വാദിനെയായിരുന്നു തെരഞ്ഞെടുത്തത്.

അപ്‌സ്റ്റോക്‌സ് മോസ്റ്റ് വാല്യുബിള്‍ അസ്സെറ്റ് ഓഫ് ദി മാച്ച് പുരസ്‌കാരമായിരുന്നു ജഡേജയെ തേടിയെത്തിയത്. ബാറ്റിങ്ങില്‍ നേടിയ 22 റണ്‍സും നാല് ഓവറില്‍ വെറും 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയതുമാണ് ജഡേജയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഇതിന് ശേഷം ജഡേജ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മോസ്റ്റ് വാല്യുബിള്‍ അസ്സെറ്റ് ഓഫ് മാച്ച് പുരസ്‌കാരമേറ്റുവാങ്ങുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ‘അപ്‌സ്റ്റോക്‌സിന് മനസിലായി, എന്നിട്ടും ചില ആരാധകര്‍ക്ക് മനസിലായിട്ടില്ല,’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്.

നിമിഷങ്ങള്‍ക്കകം തന്നെ ചിത്രവും താരം അതിന് നല്‍കിയ ക്യാപ്ഷനും ചര്‍ച്ചയായിരുന്നു. ആ ചില ഫാന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേതാണെന്നാണ് ആരാധകര്‍ പറയുന്നത്.

ധോണിയോടുള്ള ഇഷ്ടക്കൂടുതല്‍ കാരണം ജഡേജ ഔട്ടാകാനാണ് സൂപ്പര്‍ കിങ്‌സ് ആരാധകര്‍ എന്നും ആഗ്രഹിച്ചിരുന്നത്. ഇതിനായി ബാനറുകളും ആരാധകര്‍ ഉയര്‍ത്തിയിരുന്നു.

കളത്തിലിറങ്ങുമ്പോഴെല്ലാം തന്നെ സ്വന്തം ആരാധകര്‍ പുറത്താകാന്‍ പ്രാര്‍ത്ഥിക്കുന്നത് ജഡേജക്ക് ഏറെ മാനസിക വിഷമമുണ്ടാക്കിയിരുന്നു. ഇത് താരം പരസ്യമാക്കുകയും ചെയ്തിരുന്നു.

‘ഞാന്‍ നേരത്തെ ബാറ്റിങ്ങിനിറങ്ങുകയാണെങ്കില്‍ സ്റ്റേഡിയമൊന്നാകെ മഹി മഹി എന്നാണ് ചാന്റ് ചെയ്യുക. എം.എസ്.ധോണി കളത്തിലിറങ്ങുന്നത് കാണാന്‍ വേണ്ടി ഞാന്‍ ഔട്ടാവണമെന്ന് വരെ അവര്‍ പ്രാര്‍ത്ഥിക്കാറുണ്ട് (ചിരി)’ എന്നായിരുന്നു മത്സരത്തിന് ശേഷമുള്ള പോസ്റ്റ് മാച്ച് പ്രെസന്റേഷനില്‍ ജഡേജ പറഞ്ഞത്.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ജഡേജ ഈ ചിത്രം പങ്കുവെച്ചത്.

അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ ഫൈനലില്‍ പ്രവേശിക്കാനും ചെന്നൈ സൂപ്പര്‍ കിങ്‌സിന് സാധിച്ചിരുന്നു. മെയ് 28ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സെക്കന്‍ഡ് ക്വാളിഫയറിലെ വിജയികളെയാണ് സൂപ്പര്‍ കിങ്‌സിന് നേരിടാനുള്ളത്.

Content Highlight: Ravindra Jadeja’s cryptic tweet goes viral

We use cookies to give you the best possible experience. Learn more