| Friday, 27th January 2023, 9:35 am

ഓസ്‌ട്രേലിയക്ക് ചങ്കിടിപ്പേറുന്നു; ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ ഇനി അവനും; ദി മാവറിക് ഈസ് ബാക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പായി ഇന്ത്യന്‍ ടീമിന് സന്തോഷവാര്‍ത്ത. രഞ്ജി ട്രോഫിയില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്നത്.

പരിക്കിന് ശേഷം ക്യാപ്റ്റനായി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ജഡ്ഡുവിന്റെ കരുത്തില്‍ തമിഴ്‌നാടിനെ തകര്‍ക്കാനാണ് സൗരാഷ്ട്രയൊരുങ്ങുന്നത്.

സൗരാഷ്ട്ര-തമിഴ്‌നാട് മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ പതിഞ്ഞാണ് ജഡേജ തുടങ്ങിയത്. 24 വറില്‍ 48 റണ്‍സിന് ഒറ്റ വിക്കറ്റ് മാത്രമായിരുന്നു താരം വീഴ്ത്തിയത്.

എന്നാല്‍ തമഴ്‌നാടിന്റെ രണ്ടാം ഇന്നിങ്‌സില്‍ കൊടുങ്കാറ്റായി 53 റണ്‍സിന് ഏഴ് വിക്കറ്റുകളാണ് ജഡേജ പിഴുതെറിഞ്ഞത്.

വണ്‍ ഡൗണ്‍ ബാറ്റര്‍ ഷാരൂഖ് ഖാനെ പുറത്താക്കിയാണ് ജഡേജ വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നാലെ ബാബ അപരജിത്തിനെയും ബാബ ഇന്ദ്രജിത്തിനെയും ക്ലീന്‍ ബൗള്‍ഡാക്കി ജഡ്ഡു വിക്കറ്റ് വേട്ട തുടര്‍ന്നു.

ക്യാപ്റ്റന്‍ പ്രദോഷ് രഞ്ജന്‍ പോള്‍, വിജയ് ശങ്കര്‍ എന്നിവരെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയ ജഡേജ എസ്. അജിത് രാമിന്റെയും എം. സിദ്ധാര്‍ത്ഥിന്റെയും വിക്കറ്റുകള്‍ പഴുതെറിഞ്ഞു.

സന്ദീപ് വാര്യറെ ഡി. ജഡേജയുടെ കൈകളിലെത്തിച്ചാണ് ജഡ്ഡു വിക്കറ്റ് വേട്ട പൂര്‍ത്തിയാക്കിയത്. രവീന്ദ്ര ജഡേജക്ക് പുറമെ ഡി. ജഡേജയാണ് മറ്റ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

രഞ്ജി ട്രോഫി ചരിത്രത്തിലെ മികച്ച ബൗളിങ് പ്രകടനത്തിലൊന്നാണിത്.

മൂന്നാം ദിനം കളിയവസാനിക്കുമ്പോഴുള്ള സ്‌കോര്‍

തമിഴ്‌നാട് : 324
113

സൗരാഷ്ട്ര : 192
4/1

ഒമ്പത് വിക്കറ്റ് കയ്യിലിരിക്കെ 86 ഓവറില്‍ 282 റണ്‍സാണ് സൗരാഷ്ട്രക്ക് ജയിക്കാനായി വേണ്ടത്.

പരിക്കിന് ശേഷമുള്ള ജഡേജയുടെ ഈ പ്രകടനവും ഒപ്പം ഫിറ്റ്‌നെസ്സും ഇന്ത്യക്ക് ഏറെ ആശ്വാസം നല്‍കുന്നുണ്ട്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ജഡേജക്ക് നിര്‍ണായക സാന്നിധ്യമാകാന്‍ സാധിക്കുമെന്നാണ് ആരധകര്‍ വിശ്വസിക്കുന്നത്.

ഫെബ്രുവരി ഒമ്പതിനാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന് കളമൊരുങ്ങുന്നത്. ഈ പരമ്പരയിലെ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കനും ഇന്ത്യക്കാകും.

Content Highlight: Ravindra Jadeja’s comeback in Ranji Trophy

We use cookies to give you the best possible experience. Learn more