| Sunday, 28th January 2024, 9:14 pm

ഒടുവില്‍ അത് സംഭവിച്ചു, ഇത് കരിയറിലാദ്യം; സ്റ്റോക്‌സ് മാജിക്കില്‍ നീറി ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

കരിയറിലാദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് ഫോര്‍മാറ്റില്‍ റണ്‍ ഔട്ടിലൂടെ പുറത്തായി രവീന്ദ്ര ജഡേജ. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലാണ് ജഡേജ തന്റെ റെഡ് ബോള്‍ കരിയറിലാദ്യമായി റണ്‍ ഔട്ടിലൂടെ പുറത്താകുന്നത്.

ജോ റൂട്ടിന്റെ പന്തില്‍ ഷോട്ട് കളിച്ച് സിംഗിളിന് ശ്രമിച്ച ജഡേജക്ക് പിഴച്ചു. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ ഡയറക്ട് ഹിറ്റില്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ക്ക് മടങ്ങേണ്ടി വരികയായിരുന്നു. 20 പന്തില്‍ രണ്ട് റണ്‍സ് നേടി നില്‍ക്കവെയായിരുന്നു ജഡേജയുടെ മടക്കം.

അതേസമയം, ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 28 റണ്‍സിനായിരുന്നു ആതിഥേയര്‍ തോല്‍വി സമ്മതിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 231 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഇന്ത്യക്ക് 202 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സ്‌കോര്‍

ഇംഗ്ലണ്ട് : 246 & 420

ഇന്ത്യ (T:  231) : 436 & 202

രണ്ടാം ഇന്നിങ്‌സില്‍ സൂപ്പര്‍ താരം ഒല്ലി പോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 278 പന്തില്‍ 196 റണ്‍സാണ് ഒല്ലി പോപ് കുറിച്ചത്. തന്റെ ടെസ്റ്റ് കരിയറിലെ അഞ്ചാം സെഞ്ച്വറിയും രണ്ടാമത് ഉയര്‍ന്ന സ്‌കോറുമാണ് പോപ് ഇന്ത്യക്കെതിരെ ഹൈദരാബാദില്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

231 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ അരങ്ങേറ്റക്കാരന്‍ ടോം ഹാര്‍ട്‌ലി കടന്നാക്രമിച്ചു. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ട്‌ലി രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നേടിയാണ് വരവറിയിച്ചത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, അക്സര്‍ പട്ടേല്‍, എസ്. ഭരത്, ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവരുടെ വിക്കറ്റാണ് ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ സ്വന്തമാക്കിയത്. അഞ്ച് മെയ്ഡനടക്കം 26.5 ഓവറില്‍ 62 റണ്‍സ് വഴങ്ങിയാണ് ഹാര്‍ട്‌ലി ഏഴ് വിക്കറ്റ് വീഴ്ത്തിയത്.

ജോ റൂട്ടും ജാക്ക് ലീച്ചും ശേഷിക്കുന്ന ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി മത്സരം തങ്ങളുടേതാക്കി.

ഈ തോല്‍വിക്ക് പിന്നാലെ പല മോശം റെക്കോഡുകളും ഇന്ത്യയെ തേടിയെത്തിയിരുന്നു. സ്വന്തം മണ്ണില്‍ നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ നൂറിലധികം റണ്‍സിന്റെ ലീഡ് നേടിയ ശേഷം ഒരു മത്സരം പരാജയപ്പെടുന്നത് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലാദ്യമാണ്. ഇതിന് പുറമെ ഹൈദരാബാദില്‍ ഇതാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം പരാജയപ്പെടുന്നത്.

ഹൈദരാബാദ് ടെസ്റ്റിലെ വിജയത്തിന് പിന്നാലെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 1-0ന് ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്. ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ രണ്ടാം മത്സരം. വിശാഖപട്ടണമാണ് വേദി.

CONTENT HIGHLIGHT: Ravindra Jadeja run out for the first time in his career

Latest Stories

We use cookies to give you the best possible experience. Learn more