|

'രവീന്ദ്ര ജഡേജ മരിച്ചു എന്നുപോലും വാര്‍ത്തകള്‍ വന്നിരുന്നു'

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമാണ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഇന്ത്യയിലെ മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ വണ്‍ ഓഫ് ദി ഫൈനസ്റ്റ് ഓള്‍ റൗണ്ടറാണ് ജഡ്ഡു.

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ മത്സരത്തില്‍ നിര്‍ണായക പങ്കായിരുന്നു ജഡേജ വഹിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചായിരുന്നു ജഡേജ ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

രണ്ട് ഓവറില്‍ 11 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും നേടിയിരുന്നില്ല.

ഇന്ത്യന്‍ ഇന്നിങ്‌സില്‍ 29 പന്തില്‍ നിന്നും 35 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് ഫോറും രണ്ട് സിക്‌സറുമാണ് താരം ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. 120.69 ആയിരുന്നു കഴിഞ്ഞ കളിയിലെ സ്‌ട്രൈക്ക് റേറ്റ്.

ഇപ്പോഴിതാ, തന്റെ മരണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടിരുന്നുവെന്നാണ് താരം പറയുന്നത്. ഇന്ത്യ – പാക് മത്സരശേഷമായിരുന്നു ജഡേജ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ എന്നെ കുറിച്ചുള്ള ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്. ഒരിക്കല്‍ എനിക്കറിയാന്‍ കഴിഞ്ഞത് ഞാന്‍ മരിച്ചുപോയി എന്നതായിരുന്നു. ഞാന്‍ ഇത്തരം വ്യാജവാര്‍ത്തകളെ കാര്യമായി എടുക്കുന്നില്ല,’ ജഡേജ പറഞ്ഞു.

മികച്ച രീതിയില്‍ പന്തെറിഞ്ഞ നസീം ഷായെ അഭിന്ദിച്ച അദ്ദേഹം, ഒരുപക്ഷേ നസീം ഷാ പരിക്കേറ്റ് പുറത്തായില്ലെങ്കില്‍ ഇന്ത്യ തോറ്റേനെ എന്ന വാദം നിഷേധിക്കുകയും ചെയ്തു.

‘നസീം ഷാക്ക് പരിക്കേറ്റില്ലെങ്കില്‍ ഇന്ത്യ പരാജയപ്പെട്ടേനെ എന്ന വാദത്തോട് ഞാന്‍ പൂര്‍ണമായും വിയോജിക്കുകയാണ്. ഡെത്ത് ഓവറില്‍ എല്ലാ ബൗളര്‍മാരും സമ്മര്‍ദ്ദത്തിലാവും. എന്നിരുന്നാലും അവന്‍ മികച്ച ബൗളര്‍ തന്നെയാണ്. ബാറ്റര്‍മാരെ കുഴപ്പിക്കാന്‍ പോന്ന തരത്തിലുള്ള വേഗം അവനിലുണ്ട്,’ ജഡേജ പറയുന്നു.

പാകിസ്ഥാനെതിരായ ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. അഞ്ച് വിക്കറ്റിനായിരുന്നു മെന്‍ ഇന്‍ ബ്ലൂസിന്റെ വിജയം.

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പാകിസ്ഥാനെ 147ല്‍ എറിഞ്ഞിട്ടിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് പന്ത് ബാക്കി നില്‍ക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.

Content Highlight: Ravindra Jadeja reacts to fake news about his death

Video Stories