ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ ഓസീസാണ് ആതിഥേയരുടെ എതിരാളികള്‍.
മത്സരത്തില്‍ ഇന്ത്യയുടെ സ്പിന്‍ ത്രയം ഓസീസിനെ അക്ഷരാര്‍ത്ഥത്തില്‍ വരിഞ്ഞുമുറിക്കിയിരിക്കുകയാണ്. അശ്വിന്‍-ജഡേജ-കുല്‍ദീപ് ട്രയോയെ മറികടന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ കങ്കാരുക്കള്‍ പാടുപെടുകയാണ്.
ഡേവിഡ് വാര്‍ണറിനെ മടക്കി കുല്‍ദീപ് യാദവാണ് ഈ മൂവരിലും വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. 52 പന്തില്‍ 41 റണ്‍സ് നേടി നില്‍ക്കവെ റിട്ടേണ്‍ ക്യാച്ചായിട്ടായിരുന്നു വാര്‍ണറിന്റെ മടക്കം.
അടുത്ത ഊഴം രവീന്ദ്ര ജഡേജയുടേതായിരുന്നു. ക്രീസില്‍ നിന്ന് റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ച സ്റ്റീവ് സ്മിത്തായിരുന്നു ജഡേജയുടെ ആദ്യ ഇര. ടീം സ്‌കോര്‍ 110ല്‍ നില്‍ക്കവെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ജഡേജ സ്മിത്തിനെ മടക്കിയത്. 28ാം ഓവറിലെ ആദ്യ പന്തില്‍ പുറത്താകുമ്പോള്‍ 71 പന്തില്‍ നിന്നും 46 റണ്‍സായിരുന്നു സ്മിത്തിന്റെ സമ്പാദ്യം.
30ാം ഓവറില്‍ ജഡേജ വീണ്ടും ഞെട്ടിച്ചു. ഓവറിലെ രണ്ടാം പന്തില്‍ മാര്‍നസ് ലബുഷാനെ മടക്കിയ ജഡേജ വീണ്ടും ഇന്ത്യയെ ഡ്രൈവിങ് സീറ്റിലിരുത്തി. 41 പന്തില്‍ 27 റണ്‍സ് നേടിയാണ് ലബുഷാന്‍ പുറത്തായത്.
ഓവറിലെ നാലാം പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയെ പുറത്താക്കിയ ജഡ്ഡു മൂന്ന് വിക്കറ്റ് നേട്ടവും പൂര്‍ത്തിയാക്കി. രണ്ട് പന്തില്‍ നിന്നും ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് കാരി പുറത്തായത്.
ജഡേജ ഒരുവശത്ത് നിന്നും എറിഞ്ഞിടുമ്പോള്‍ കുല്‍ദീപും അശ്വിനും വെറുതെയിരുന്നില്ല. ഇന്ത്യന്‍ ആരാധകരുടെ പേടിസ്വപ്‌നമായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ കുല്‍ദീപ് പുറത്താക്കി. 25 പന്തില്‍ 15 റണ്‍സ് നേടി നില്‍ക്കവെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് കുല്‍ദീപ് മടക്കിയത്.
തന്റെ സ്വന്തം തട്ടകത്തില്‍ ഓസീസിനെ കിട്ടിയപ്പോള്‍ അശ്വിനും വെറുതെ ഇരിക്കാന്‍ സാധിക്കുമായിരുന്നില്ല. 20 പന്തില്‍ എട്ട് റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനിനെ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് അശ്വിനും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി.
അതേസമയം, 38 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 142 റണ്‍സിന് ഏഴ് എന്ന നിലയിലാണ്. അഞ്ച് പന്തില്‍ നിന്നും ഒരു റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ആറ് പന്തില്‍ ഒരു റണ്‍സുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമാണ് ഓസീസിനായി ക്രീസില്‍.
Content Highlight: Ravindra Jadeja picks 3 wickets against Australia