ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍താരമായിരുന്നു കഴിഞ്ഞ സീസണില്‍ വരെ അദ്ദേഹം. എന്നാല്‍ കുറച്ചുനാള്‍ മുമ്പ് സി.എസ്.കെയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റും താരം ഇന്‍സ്റ്റാഗ്രാം നീക്കം ചെയ്തിരുന്നു.
ഇത് ആരാധകര്‍ക്കിടയില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അദ്ദേഹം സി.എസ്.കെയില്‍ തൃപ്തനല്ലെന്നും മറ്റു ക്ലബ്ബുകളിലേക്ക് മാറാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളും അന്ന് സജീവമായിരുന്നു.
നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ക്ലബ്ബുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചേക്കും. അടുത്ത ലേലത്തില്‍ താരം സ്വന്തമായി രജിസ്റ്റര്‍ ചെയ്യുമെന്നും ടി.ഐ.ഓയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഐ.പി.എല്ലിന് ശേഷം സി.എസ്.കെയും ജഡേജയും തമ്മില്‍ ഓണ്‍ലൈനിലും, ഓഫ്ലൈന്‍ പ്രവര്‍ത്തനങ്ങളിലോ ബന്ധം പുലര്‍ത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സീസണില്‍ സി.എസ്.കെയുടെ നായകനായിരുന്നു ജഡേജ. എന്നാല്‍ സീസണ്‍ പകുതിയായപ്പോള്‍ നായകസ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ടീം വിട്ടുപോയെന്നാണ് വാര്‍ത്തകള്‍.
ട്രേഡിങ് ഓഫറുകള്‍ക്കായി ജഡേജയുടെ മാനേജര്‍മാര്‍ മറ്റ് ഫ്രാഞ്ചൈസികളുമായി സംസാരിക്കുന്നതായി അദ്ദേഹത്തോട് അടുപ്പമുള്ള ആളുകള്‍ സൂചിപ്പിച്ചതായി ഇന്‍സൈഡ് സ്പോര്‍ട്ട് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
”അദ്ദേഹം അസന്തുഷ്ടനും വളരെ വേദനയിലുമാണെന്ന് വ്യക്തമാണ്. അവന്‍ തീര്‍ച്ചയായും ഓപ്ഷനുകള്‍ക്കായി നോക്കും, കാര്യങ്ങള്‍ എങ്ങനെ കടന്നുപോകുമെന്ന് നമുക്ക് നോക്കാം,” ജഡേജയുമായി അടുപ്പമുള്ള ഒരാളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നു.
അദ്ദേഹത്തെ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ
ടീമുകള്‍ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.
Content Highlight: Ravindra Jadeja lost all his relation with Chennai Super Kings